ദുബൈ– അടുത്തിടെയായി യുഎഇയിലെ വിവിധ സ്‌കൂളുകളിൽ ‘ഡിജിറ്റൽ റിപ്പോർട്ടിംഗ്’ ആരംഭിച്ചു. മൂന്നാമത് ഒരാൾ അറിയാതെയുള്ള ഈ ‘രഹസ്യ റിപ്പോർട്ടിംഗ്’ ഒരു ഡിജിറ്റൽ ഫോം മുഖേനയുള്ളതാണെന്ന് ചില സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർമാരെ ഉദ്ധരിച്ച് അറബിക് ദിനപത്രമായ ഇമാറാത്ത് അൽയൗം റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ചില പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ച ഈ സംവിധാനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാൻ കഴിയും. സ്‌കൂളിലോ പുറത്തോ ഉള്ള ആളുകളുടെ മോശം പെരുമാറ്റം രഹസ്യമായി റിപ്പോർട്ട് ചെയ്യാം. സുരക്ഷാ ആശങ്കകൾ പങ്കുവെക്കാം. ഒപ്പം കുട്ടികൾക്കുള്ള ആരോഗ്യ, മാനസിക, സാമൂഹിക പ്രശ്‌നങ്ങൾ പങ്കിടാനും കഴിയും.

ഫോമിലൂടെ നൽകുന്ന എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. മൂന്നാം കക്ഷികൾ കാണാതെ നേരിട്ട് സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുക. കർശനമായും സ്വകാര്യത പാലിക്കും. ഒപ്പം ഡാറ്റാ പരിരക്ഷയും ഉറപ്പാക്കും. വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുന്നതിനൊപ്പം അവരുടെ ശാരീരികമോ വൈകാരികമോ ആയ വളർച്ചയെ ബാധിക്കുന്ന അപകട സാധ്യതകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും ഈ സംവിധാനം ഉപകരിക്കും.

ഡിജിറ്റൽ റിപ്പോർട്ടിംഗിനായി വിവിധ മേഖലകൾ ഫോമിൽ ഉൾക്കൊള്ളുന്നു. ആരുടെയെങ്കിലും ഭീഷണി, വാക്കാലുള്ളതോ ശാരീരികമോ ആയ ആക്രമണങ്ങൾ, അല്ലെങ്കിൽ നശീകരണ പ്രവർത്തനങ്ങൾ പോലുള്ള അസ്വീകാര്യമായ പെരുമാറ്റം, ആരോഗ്യത്തെ ബാധിക്കുന്നതോ പാരിസ്ഥിതികമോ സുരക്ഷാ ആശങ്കകളുള്ളതോ ആയ പ്രശ്‌നങ്ങൾ, ഉത്കണ്ഠ, ഒറ്റപ്പെടൽ അല്ലെങ്കിൽ സമ്മർദ്ദം പോലുള്ള മാനസിക- സാമൂഹിക പ്രശ്‌നങ്ങൾ, സ്‌കൂളിന് പ്രയോജനകരമായേക്കാവുന്ന പൊതുവിവരങ്ങൾ എന്നിവ പരാതിക്കാർക്ക് അറിയിക്കാം.
ഡിജിറ്റൽ ഫോറത്തിൽ പേര് വെളിപ്പെടുത്താതിരിക്കാനോ പേരുകൾ ഉൾപ്പെടുത്താനോ അവകാശമുണ്ട്. സ്‌കൂളിലെ അധ്യയനം മാനസിക സമ്മർദ്ദം ഇല്ലാത്ത രൂപത്തിലും കൂടുതൽ കാര്യമാത്ര പ്രസക്തമായും ഉൾക്കൊള്ളാൻ കുട്ടികളെ പ്രാപ്തരാക്കുക മാത്രമല്ല അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും ഇത് ഉപകരിക്കും. വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായതും സുരക്ഷിതവും കൂടുതൽ മാനസിക പിന്തുണ നൽകുന്നതുമായ ഒരു പഠന അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റർമാർ അറിയിച്ചു.