റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ കമ്പനികളിൽ വിദേശികൾക്കുള്ള ഉടമസ്ഥാവകാശ നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങുന്നു. വാർത്ത പുറത്തുവന്നതോടെ സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണുണ്ടായത്. നിയന്ത്രണങ്ങൾ ഗണ്യമായി വർധിപ്പിക്കുകയോ പൂർണമായി നീക്കം ചെയ്യുകയോ ചെയ്യുമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.

ഇതോടെ, സൗദി ഓഹരി സൂചികയായ തദാവുൽ ആൾ ഷെയർ ഇൻഡക്സ് അഞ്ച് ശതമാനത്തിലധികം ഉയർന്നു. എല്ലാ മേഖലയിലെയും ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, സൗദി നാഷണൽ ബാങ്ക് ഒമ്പത് ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒറ്റ ദിവസത്തിൽ ഈ ബാങ്കിനുണ്ടാകുന്ന ഏറ്റവും വലിയ വളർച്ചയാണിത്.

നിലവിൽ, സൗദി കമ്പനികളിൽ വിദേശികൾക്ക് പരമാവധി 49 ശതമാനം വരെയാണ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുള്ളത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ഈ വർഷം അവസാനത്തോടെ ഈ പരിധി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നീക്കം രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങളുടെ വലിയൊരു ഒഴുക്കിന് വഴിയൊരുക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിക്ക് ഇത് വലിയ പിന്തുണ നൽകും.
ജെ.പി മോർഗൻ ചേസ്, ഇഎഫ്ജി ഹെർമസ് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനമനുസരിച്ച്, 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുകയാണെങ്കിൽ, രാജ്യത്തേക്ക് ഏകദേശം 10.6 ബില്യൺ ഡോളറിന്റെ അധിക മൂലധനം ഒഴുകിയെത്തും. ഇതിൽ 5 മുതൽ 6 ബില്യൺ ഡോളർ വരെ അൽ റജ്ഹി ബാങ്കിന് ലഭിക്കുമെന്നും സൗദി നാഷണൽ ബാങ്ക്, അലിൻമ ബാങ്ക് എന്നിവയ്ക്കും വലിയ നേട്ടമുണ്ടാകുമെന്നും ഇരു ഏജൻസികളും ചൂണ്ടിക്കാട്ടുന്നു.