ജിദ്ദ – സ്വര്‍ണ്ണ ഉല്‍പ്പാദനം 2030 ഓടെ ഇരട്ടിയാക്കാന്‍ സൗദി പൊതുമേഖലാ സ്ഥാപനമായ സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ ബോബ് വില്‍റ്റ്. ചെമ്പ്, സ്വര്‍ണ്ണം, അപൂര്‍വ ധാതുവിഭവങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം ഏകദേശം 250 കോടി ഡോളര്‍ തോതില്‍ ചെലവഴിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷം മആദിന്‍ കമ്പനിയുടെ സ്വര്‍ണ്ണ ഉല്‍പ്പാദനം 4,94,000 ഔണ്‍സ് കവിഞ്ഞു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഞ്ഞ ലോഹ ഉല്‍പ്പാദന നിരക്കാണിത്. ഇത് കൈവരിക്കുന്നതില്‍ മന്‍സൂറ, മസറ ഖനികള്‍ പ്രധാന പങ്ക് വഹിച്ചു.

എണ്ണവരുമാനം ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030 ന്റെ ഭാഗമായാണ് സ്വര്‍ണ്ണം അടക്കമുള്ള ലോഹങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ളതുമായ മആദിന്‍ കമ്പനി, മആദിന്‍ അലൂമിനിയം, മആദിന്‍ ബോക്‌സൈറ്റ്, അലൂമിന എന്നീ കമ്പനികളില്‍ അല്‍കോവ കമ്പനിയുടെ ശേഷിക്കുന്ന 25.1 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ജൂലൈ ഒന്നിന് പൂര്‍ത്തിയാക്കി. അലൂമിനിയം മേഖലയില്‍ കമ്പനിയുടെ പ്രവര്‍ത്തനം ഏകീകരിക്കാന്‍ ഇതിലൂടെ സാധിച്ചു.

വിലകളും വില്‍പ്പനയും വര്‍ദ്ധിച്ചതോടെ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കമ്പനി അറ്റാദായത്തില്‍ 88 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. ചെലവുകള്‍ ഉയര്‍ന്നിട്ടും ഉയര്‍ന്ന വില്‍പ്പന അളവ് കാരണം കമ്പനി ഏറ്റവും ഉയര്‍ന്ന വരുമാനം നേടി. കമ്പനിയുടെ രണ്ടാം പാദ വരുമാനം 31 ശതമാനം തോതില്‍ വര്‍ധിച്ച് 940 കോടി റിയാലായി. മൂന്ന് ഉല്‍പ്പന്നങ്ങളുടെയും വിലയിലെ വര്‍ധനവും ഫോസ്‌ഫേറ്റിന്റെയും സ്വര്‍ണ്ണത്തിന്റെയും വില്‍പ്പന അളവ് വര്‍ധിച്ചതും വരുമാനം വര്‍ധിക്കാന്‍ സഹായിച്ചു. എന്നാല്‍, അലൂമിനിയം വില്‍പ്പന അളവ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
രണ്ടാം പാദത്തില്‍ കമ്പനിയുടെ സ്വര്‍ണ്ണ വില്‍പ്പന മൂന്നു ശതമാനം വര്‍ധിച്ച് 1,18,000 ഔണ്‍സായി. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ കമ്പനിയുടെ സ്വര്‍ണ്ണ വില്‍പ്പന വില ഔണ്‍സിന് 43 ശതമാനം ഉയര്‍ന്ന് 3,316 ഡോളറിലെത്തി. 2025 ല്‍ ഫോസ്‌ഫേറ്റ് ഉല്‍പ്പാദനം 5,900 ടണ്‍ മുതല്‍ 6,200 മെട്രിക് ടണ്‍ ഡയമോണിയം ഫോസ്‌ഫേറ്റ് ആയി ഉയരുമെരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങളും ആഗോള വിതരണത്തിലെ ഇടിവും കാരണം ഡയമോണിയം ഫോസ്‌ഫേറ്റ് വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. പ്രധാന വിപണികളില്‍ നിന്നുള്ള തുടര്‍ച്ചയായ ഡിമാന്‍ഡ് വിപണി സന്തുലിതാവസ്ഥയെ പിന്തുണക്കുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങൾ കാരണം രണ്ടാം പാദത്തില്‍ അലൂമിനിയം വിലയില്‍ ഇടിവ് തുടര്‍ന്നു.