റിയാദ്: സൗദി അറേബ്യയില്‍ ഹുറൂബ് ആയ പ്രവാസികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്. ഹുറൂബായ (ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന) തൊഴിലാളിക്ക് ഖിവ പ്ലാറ്റ്ഫോം വഴി പുതിയ തൊഴിലുടമയിലേക്ക് മാറാനുള്ള അവസരം ലഭ്യമായതായി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഹുറൂബ് മാറാനുള്ള അവസരമുള്ളതെന്ന് ജിദ്ദ ഫൈസലിയയിൽ സർവീസ് നടത്തുന്ന ശഫീഖ് മൊറയൂർ പറഞ്ഞു..

തൊഴില്‍ സ്ഥലങ്ങളില്‍നിന്ന് ഒളിച്ചോടിയതിനാലും വിട്ടുനില്‍ക്കുന്നതിനാലും ഹുറൂബാക്കപ്പെട്ടവര്‍ക്ക് തൊഴില്‍മാറി പദവി ശരിയാക്കാന്‍ അവസരമൊരുക്കുന്ന പദ്ധതി ഇന്നു മുതല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. തൊഴില്‍ വിപണി സംയോജന സംരംഭം എന്ന് പേരിട്ട പദ്ധതി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കല്‍, കരാര്‍ കാലാവധി അവസാനിക്കല്‍, ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പഴയ റിപ്പോര്‍ട്ടുകള്‍ (ഹുറൂബുകള്‍) എന്നിവ കാരണം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഹുറൂബാക്കപ്പെടുകയും ചെയ്ത മുഴുവന്‍ തൊഴിലാളികളെയും ജോലി മാറാനും പുതിയ തൊഴിലുടമക്കു കീഴില്‍ ജോലിയില്‍ പ്രവേശിക്കാനും അനുവദിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഖിവാ പ്ലാറ്റ്ഫോം വഴി പുതിയ തൊഴിലുടമ സ്പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷ സമര്‍പ്പിച്ച്, ഹുറൂബ് സ്റ്റാറ്റസുള്ള തൊഴിലാളിയെ ജോലി മാറാന്‍ ഈ സംരംഭം അനുവദിക്കുന്നു. ഇതിന് ഹുറൂബാക്കപ്പെട്ടപ്പോഴോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുമ്പോഴോ തൊഴിലാളി രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 12 മാസത്തില്‍ കൂടുതല്‍ കാലം പിന്നിട്ടിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പുതിയ തൊഴിലുടമയുടെ പ്രവര്‍ത്തന മേഖല സ്പോണ്‍സര്‍ഷിപ്പ് മാറ്റേണ്ട തൊഴിലാളിയുടെ പ്രൊഫഷനുമായി പൊരുത്തപ്പെടണമെന്നും വ്യവസ്ഥയുണ്ട്.
ഹുറൂബ് ആയ ശേഷം നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽനിന്ന് പോയവർക്ക് പിന്നീട് സൗദിയിലേക്ക് ഒരിക്കലും തിരിച്ചുവരാനാകില്ല. ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.
ഇക്കഴിഞ്ഞ മെയ് 27 മുതൽ ഹുറുബ് മാറ്റാനുള്ള പൊതുമാപ്പ് സൗദി പ്രഖ്യാപിച്ചിരുന്നു. തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് അപ്രത്യക്ഷരായി എന്ന് കാണിച്ച് തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളുടെ സിസ്റ്റങ്ങളില്‍ ആബ്സന്റ് ഫ്രം വര്‍ക്ക് (മുതഗയ്യിബന്‍ അനില്‍ അമല്‍) എന്ന് രേഖപ്പെടുത്തപ്പെട്ടവര്‍ക്കാണ് പുതിയ തൊഴിലുടമകളിലേക്ക് മാറാനാണ് അവസരം നല്‍കിയിരുന്നത്. തുടക്കത്തിൽ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് സ്റ്റാറ്റസ് മാറ്റാന്‍ അവസരം നല്‍കിയിരുന്നു. പിന്നീട് ലേബര്‍ വിസയിലുള്ളവര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കി.
തൊഴിലുടമ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുകയോ ചെയ്യണമെന്നതാണ് തൊഴില്‍ നിയമം. തൊഴിലാളികളെ നേരിട്ട് ഹുറൂബ് ആക്കാന്‍ ഇപ്പോള്‍ സംവിധാനങ്ങളില്ല. പകരം ഖിവ പ്ലാറ്റ്ഫോമിലെ തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്യുകയാണ് രീതി. കാന്‍സല്‍ ചെയ്താല്‍ 60 ദിവസമാണ് ഗ്രേസ് പിരിയഡ്. പിന്നീട് ഹുറൂബാകും. ഹുറൂബ് പരാതികള്‍ വ്യാപകമായതോടെയാണ് തൊഴില്‍ മന്ത്രാലയം എല്ലാവര്ക്കും 60 ദിവസത്തെ സാവകാശം നല്‍കിയത്. എന്നിട്ടും പലര്‍ക്കും അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പലര്‍ക്കും ഇക്കാലയളവിനുള്ളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കാതെ വരുന്നു. 60 ദിവസത്തിന് ശേഷം ഹുറൂബാവുന്നതോടെ ഇഖാമ പുതുക്കാനോ റീ എന്‍ട്രിയില്‍ നാട്ടില്‍ പോകാനോ സാധിക്കില്ല. തര്‍ഹീല്‍ വഴി ഫൈനല്‍ എക്സിറ്റ് അടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം ഹുറൂബ് ആയവര്‍ നിരവധി പേർ സൗദിയിലുണ്ട്.