ജിദ്ദ – കഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്. ഈ കാലയളവിൽ രാജ്യത്ത് നിയമം ലംഘിച്ച 2414 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ച വിശ്രമം ഉറപ്പു വരുത്താനായി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച 325 ലേറെ പരാതികൾക്കെതിരെ നടപടിയും സ്വീകരിച്ചു. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം എന്നിവയെല്ലാം ഉറപ്പുവരുത്താനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ച് മന്ത്രാലയം ശക്തമായ ബോധവല്‍ക്കരണവും നടത്തി.

ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 മണി വരെ ചൂട് കൂടിയ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതായിരുന്നു വിലക്കിയിരുന്നത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ എന്നിവയെല്ലാം ഉറപ്പുവരുത്താനാണ് മന്ത്രാലയം ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്.

ഈ സമയത്ത് തൊഴിലാളിയുടെ ജോലിസമയം ക്രമീകരിക്കുകയാണ് സ്ഥാപനങ്ങൾ വേണ്ടത്. എന്നാൽ അടിയന്തര അറ്റകുറ്റപ്പണികൾ, പെട്രോളിയം, ഗ്യാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഈ നിയമം ബാധകമല്ല. പകരം ചൂടിൽ നിന്ന് ഇവർക്ക് സംരക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ തൊഴിലുടമകൾ ഉറപ്പുവരുത്തണം. ഉച്ച വിശ്രമം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴയും മന്ത്രാലയം ചുമത്തുന്നുണ്ട്