റിയാദ്: പകർപ്പവകാശ ലംഘനത്തിന് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (SAIP) ഒരാൾക്ക് പിഴ ചുമത്തി. ഒരു സ്വകാര്യ ഫോട്ടോ കൃത്രിമബുദ്ധി ഉപയോഗിച്ച് അതിൽ മാറ്റം വരുത്തി പ്രസിദ്ധീകരിച്ചതായും, പകർപ്പവകാശ ഉടമയുടെ അനുമതിയില്ലാതെ അത് ഉപയോഗിച്ചതായും തെളിഞ്ഞതിനെത്തുടർന്ന് ആണു അയാൾക്ക് 9000 റിയാൽ പിഴ ചുമത്തിയത്.

വ്യക്തിഗത ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതും, AI സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവയിൽ മാറ്റം വരുത്തുന്നതും, പകർപ്പവകാശ ഉടമയുടെ സമ്മതമില്ലാതെ അവയെ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതും പകർപ്പവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് SAIP ഊന്നിപ്പറഞ്ഞു.

അത്തരം കേസുകൾ പരിഗണിക്കുന്ന പ്രക്രിയ, പരാതിപ്പെട്ട കക്ഷി ഔദ്യോഗികമായി പരാതി നൽകുന്നതോടെ ആരംഭിക്കും. തുടർന്ന് ലംഘനത്തിന്റെ സ്വഭാവം നിർണ്ണയിക്കാൻ തെളിവുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയാണു ചെയ്യുക.