ദോഹ – ഇസ്രായില്‍ ആക്രമണം നടന്ന് 10 മിനിറ്റിനു ശേഷമാണ് അമേരിക്ക അറിയിച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. ദോഹയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദോഹയില്‍ ഹമാസ് നേതാക്കള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണം സ്റ്റേറ്റ് ഭീകരതയാണ്. ഖത്തര്‍ അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ശൈഖ് അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി.

ഇസ്രയേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച അദ്ദേഹം ഇസ്രായിലിന്റേത് തെമ്മാടിത്തരമാണെന്നും ഇസ്രായിൽ മധ്യപൂർവ മേഖലയെ സ്ഥിരം സംഘർഷ ഭൂമിയാക്കുകയാണെന്നും പറഞ്ഞു. അതേസമയം ഇസ്രായിൽ ആക്രമിക്കുമെന്ന് ഖത്തറിന് മുന്നറിയിപ്പു നൽകാൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമതലപ്പെടുത്തിയിരുന്നെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റ് പറഞ്ഞിരുന്നു.

ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണം ദൗർഭാഗ്യകരമാണെന്നാണ് പ്രസിഡന്റ് ട്രംപ് കരുതുന്നത്. ഖത്തറിന്റെ മണ്ണിൽ ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കില്ലെന്ന് ഖത്തർ അമീറിന് ട്രംപ് ഉറപ്പ് നൽകി. ദോഹയിലെ ഇസ്രായില്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
റഡാര്‍ വഴി കണ്ടെത്താന്‍ കഴിയാത്ത ആയുധമാണ് ഇസ്രായിൽ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് ശൈഖ് അബ്ദുറഹ്മാന്‍ അല്‍ഥാനി വെളിപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ ഇറാന്‍ മിസൈലുകളുടെ തരംഗത്തെ ഖത്തര്‍ വ്യോമ പ്രതിരോധ സംവിധാനം കൃത്യമായി നേരിട്ടിരിന്നു. അതിനാല്‍ ഒരു നാശനഷ്ടവും സംഭവിച്ചിരുന്നില്ല. പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയങ്ങളുടെ ഭാഗമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടപ്പാക്കുന്ന സ്റ്റേറ്റ് ഭീകരതയാണിതെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രായില്‍ ആക്രമണത്തിനുശേഷം പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം എക്‌സിൽ കുറിച്ചു. ആകെ ആറു പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചു പേര്‍ ഹമാസുമായി ബന്ധപ്പെട്ടവരും ഒരാള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.