റിയാദ് – ലോകത്തിലെ ആദ്യ അഡ്വാന്‍സ്ഡ് അറബിക് എ.ഐ ഹ്യൂമൈന് ചാറ്റ് ആപ്പുമായി സൗദി അറേബ്യ രംഗത്ത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ സ്ഥാപനമായ ഹ്യൂമൈന് കമ്പനി, പ്രമുഖ അറബിക് ഭാഷാ മോഡലായ അല്ലാം 34 ബി സപ്പോര്‍ട്ട് ചെയ്യുന്ന അടുത്ത തലമുറ ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായാണ് ഹ്യൂമൈന് ചാറ്റ് പുറത്തിറക്കിയത്. ഹ്യൂമൈന് കമ്പനിയുടെ മുന്‍നിര അറബി ഭാഷാ മോഡലായി ഇതിനെ കണക്കാക്കുന്നു. ഹ്യൂമൈന് ചാറ്റ് വെബ്, ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഇത് ആദ്യം സൗദിയില്‍ ആരംഭിക്കും. തുടര്‍ന്ന് മധ്യപൂർവ്വ ഏഷ്യയിലും ആഗോളതലത്തിലും വ്യാപിപ്പിക്കും. സൗദിയില്‍ അറബി സംസാരിക്കുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഹ്യൂമൈന് ചാറ്റ്, പ്രാദേശിക എ.ഐ സാങ്കേതികവിദ്യ കെട്ടിപ്പടുക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ്.
വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും കൊണ്ട് സമ്പന്നമായ അറബി ഭാഷയെ കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള ആളുകൾക്ക് അറബി പഠിക്കാന്നും ആപ്ലിക്കേഷന്‍ സഹായിക്കും.
ജനറേറ്റീവ് എ.ഐ സാങ്കേതിക വിദ്യകളിലൂടെ ആവശ്യങ്ങള്‍ വേണ്ടത്ര നിറവേറ്റപ്പെടാത്ത ലോകമെമ്പാടുമുള്ള 40 കോടിയിലേറെ അറബിക് സംസാരിക്കുന്നവരേയും 200 കോടി മുസ്ലിംകളെയും സേവിക്കാനാണ് ഹ്യൂമൈന് ചാറ്റ് ലക്ഷ്യമിടുന്നത്. ഭാഷാപരമായി മെച്ചപ്പെടാനും കഴിവ് പ്രോത്സാഹിപ്പിക്കാനും ആപ്ലിക്കേഷന്‍ അല്ലാം 34 ബി മോഡല്‍ സഹായകരമാവും. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായുള്ള തല്‍ക്ഷണ ഇന്റര്‍നെറ്റ് സെര്‍ച്ച്, ഒന്നിലധികം ഭാഷാകൾക്കുള്ള പിന്തുണയോടെയുള്ള അറബിക് വോയ്സ് ഇന്‍പുട്ട്, ഒറ്റ ചാറ്റില്‍ അറബിക്കും ഇംഗ്ലീഷിനും ഇടയില്‍ തടസ്സമില്ലാതെ മാറല്‍ തുടങ്ങി ഹ്യൂമൈന് ചാറ്റിന്റെ സവിശേഷതകൾ ഏറെയാണെന്ന് ഹ്യൂമൈന് കമ്പനി സി.ഇ.ഒ താരിഖ് അമീന് പറഞ്ഞു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ അധികാര പരിധിയിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ച മുന്‍ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഹ്യൂമൈന്റെ അല്ലാം 34 ബി മോഡല്‍ നിര്‍മിച്ചിരിക്കുന്നത്.

അല്ലാം 34 ബി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിച്ച ഏറ്റവും പുതിയതും ശക്തവും, അറബ് ലോകത്ത് വികസിപ്പിച്ചെടുത്ത വലിയ അറബി ഭാഷാ മോഡലുകളില്‍ ഏറ്റവും മികച്ചതുമാണ്.
പ്രാഥമികമായി അറബിക്കിനു വേണ്ടിയാണ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തതെങ്കിലും അറബിയിലും ഇംഗ്ലീഷിലും ഇത് മികച്ച പ്രകടനം കാഴ്ചവെകുമെന്നാണ് വിലയിരുത്തൽ. ചരിത്രത്തിലെ ഏറ്റവും വലിയ അറബി ഡാറ്റാസെറ്റുകളില്‍ ഒന്ന് ഉപയോഗിച്ചാണ് ഈ മോഡല്‍ പരീക്ഷിച്ചത്. 600 ലേറെ വിദഗ്ധരുടെയും 250 ലേറെ മൂല്യനിര്ണയക്കാരുടെയും ശേഷി ഉപയോഗിച്ച് ഇത് പരിഷ്കരിച്ച് വികസിപ്പിക്കുകയായിരുന്നു