GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുള്ളതായി തൊഴില്‍ മന്ത്രാലയം

ദോഹ – ഖത്തറില്‍ ഫാമിലി വിസയിൽ കഴിയുന്നവര്‍ക്ക് തൊഴില്‍ മേഖലയിൽ പ്രവേശിക്കാന്‍ അനുമതിയുള്ളതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കരാര്‍ വകുപ്പ് മേധാവി ഗാനിം റാശിദ് അല്‍ഗാനിം വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഫാമിലി ഇഖാമയില്‍ കഴിയുന്നവര്‍ തൊഴില്‍ മേഖലയില്‍ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കേണ്ടത്. ഫാമിലി വിസയിൽ കഴിയുന്ന ആർക്കും ജോലി ചെയ്യാൻ അനുമതി ലഭിക്കും. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് എന്‍ട്രി സേവനത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചോ, മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചോ തൊഴിൽ മേഖലയിൽ പ്രവേശിക്കാൻ അനുമതി സ്വന്തമാക്കാം.


മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷകന്റെ പേരിലായിരിക്കണം, റെസിഡന്‍സി പെര്‍മിറ്റ് (ഇഖാമ) സാധുവായിരിക്കണം, ദേശീയ വിലാസത്തിലുള്ള രജിസ്‌ട്രേഷന്‍, തൊഴിലുടമ തൊഴില്‍ നിയമം പാലിക്കണം എന്നീ വ്യവസ്ഥകള്‍ ഫാമിലി ഇഖാമ ഉടമകള്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് എന്‍ട്രി സേവനം ലഭിക്കാന്‍ ബാധകമാണെന്നും ഗാനിം റാശിദ് അല്‍ഗാനിം പറഞ്ഞു. ഫാമിലി ഇഖാമകയില്‍ രാജ്യത്ത് കഴിയുന്നവരെ ജോലിക്കെടുക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുക, വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനെ അപേക്ഷിച്ച് സമയവും ചെലവും ലാഭിക്കുക എന്നിവയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവർക്ക് ജോലി കണ്ടെത്താനും തൊഴില്‍ വിപണിക്ക് സംഭാവന നല്‍കാനും സഹായിക്കുന്നു.

ഫാമിലി ഇഖാമയിലുള്ള ഖത്തറിലെ താമസക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ച് തൊഴില്‍ വിപണിയില്‍ ചേരാനുള്ള അവസരം പുതിയ സേവനം നല്‍കുന്നു. ഇതുവഴി ഫാമിലി ഇഖാമ തൊഴില്‍ ഇഖാമയാക്കി മാറ്റാം. തൊഴിലാളിയെ ജോലിക്ക് എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമക്കും തൊഴില്‍ വിപണിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിക്കും ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. ചില നിബന്ധനകള്‍ പാലിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, കരാര്‍ അംഗീകരിക്കുന്ന പ്രക്രിയ ആരംഭിക്കുന്നു. ഫീസ് അടച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തിന് അംഗീകാരം സമര്‍പ്പിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഫാമിലി ഇഖാമ തൊഴില്‍ ഇഖാമയാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

ഫാമിലി ഇഖാമയിലുള്ളവരെ ജോലിക്കെടുക്കാന്‍ ആഗ്രഹിക്കുന്ന പുതിയ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സാധുവായിരിക്കണം. ഇതിന് പുറമെ സ്ഥാപനത്തിനോ തൊഴിലുടമക്ക് വ്യക്തിപരമായോ എന്തെങ്കിലും തരത്തിലുള്ള വിലക്ക് ഉണ്ടാകരുതെന്നും തൊഴിലാളി സമാനമായ മറ്റ് അപേക്ഷകളൊന്നും സമര്‍പ്പിച്ചിരിക്കരുതെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളി തൊഴില്‍ മേഖലക്ക് (നിലവിലെ ഇഖാമ ജോലി ആവശ്യങ്ങള്‍ക്കുള്ളതല്ല) പുറത്തായിരിക്കണം, തൊഴിലാളിയുടെ ഇഖാമ റെസിഡന്‍ഷ്യല്‍ യൂനിറ്റിന്റെയോ സ്വത്തിന്റെയോ ഗുണഭോക്താവ് എന്ന നിലക്കുള്ളതായിരിക്കരുത്, നയതന്ത്ര ഇഖാമയാകരുത്, സ്ഥാപനം അപേക്ഷയില്‍ നല്‍കിയ ജീവനക്കാരന്റെ ഫോണ്‍ നമ്പര്‍ അവരുടെ ഖത്തര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറായിരിക്കണം എന്നീ വ്യവസ്ഥകളുമുണ്ട്. നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റത്തില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!