ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ WORLD

ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കുന്നതിനുള്ള 5,300 കോടി ഡോളര്‍ പദ്ധതി അറബ് ഉച്ചകോടി അംഗീകരിച്ചു

കയ്‌റോ: ഇസ്രായിൽ ആക്രമണത്തിൽ തകര്‍ന്നടിഞ്ഞ ഗസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്ക് കയ്റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ഉച്ചകോടി അംഗീകാരം നല്‍കിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അറിയിച്ചു. ഗസയിലെ ഫലസ്തീനികലെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കുന്നതിനുള്ള വിശദ രൂപരേഖയ്ക്കാണ് അറബ് നേതാക്കള്‍ അംഗീകാരം നല്‍കിയത്. സ്വന്തം ഭൂമിയില്‍ തുടരാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽസീസി പറഞ്ഞു. ഗസയുടെ ഭരണം കൈകാര്യം ചെയ്യുന്നതിന് സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കണമെന്നും പദ്ധതി ആവശ്യപ്പെടുന്നു. ഫലസ്തീന്‍ വിഷയം സമാധാനത്തിലെത്തിക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കഴിയുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗസ പുനര്‍നിര്‍മാണത്തിന് ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതിന് അടുത്ത മാസം ഈജിപ്ത് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.



അഞ്ചു വർഷത്തിനുള്ളിൽ മൂന്ന് ഘട്ടങ്ങളായി ഗസയെ പുനർനിർമിക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്. രണ്ടു വർഷമെടുത്ത് പൂർത്തിയാക്കുന്ന ആദ്യ ഘട്ടത്തിൽ 2000 കോടി ഡോളറാണ് ചെലവിൽ ഗസയിൽ രണ്ടു ലക്ഷം വീടുകൾ നിർമിക്കും. തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും താൽക്കാലിക വീടുകൾ നിർമ്മിക്കുന്നതിനും ആദ്യ ആറ് മാസം വേണ്ടി വരും. രണ്ടര വര്‍ഷം സമയമെടുക്കുന്ന രണ്ടാം ഘട്ടത്തില്‍ ഗസയില്‍ മറ്റൊരു രണ്ടു ലക്ഷം വീടുകളും വിമാനത്താവളവും നിര്‍മിക്കും. മൊത്തത്തിലുള്ള നിര്‍മാണ പ്രക്രിയക്ക് അഞ്ച് വര്‍ഷം എടുക്കും. ആകെ ചെലവ് 5,300 കോടി ഡോളറാണ് കണക്കാക്കപ്പെടുന്നത്.

ഗസയുടെ ആദ്യഘട്ട വീണ്ടെടുക്കലിനും പുനര്‍നിര്‍മാണത്തിനുമുള്ള ഈജിപ്തിന്റെ പദ്ധതിയെ സമഗ്രമായ അറബ് പദ്ധതിയായി അറബ് നേതാക്കള്‍ അംഗീകരിച്ചതായി ഉച്ചകോടിയുടെ സമാപന പ്രസ്താവന പറഞ്ഞു. ഫലസ്തീന്‍ ജനതയെ കുടിയിറക്കാനോ ഫലസ്തീന്‍ ഭൂമിയുടെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാനോ ഉള്ള ഏതൊരു ശ്രമവും മേഖലയെ സംഘര്‍ഷങ്ങളുടെ പുതിയഘട്ടത്തിലേക്ക് നയിക്കും. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ പ്രവേശനം തടയാനും ക്രോസിംഗുകള്‍ അടക്കാനുമുള്ള തീരുമാനത്തെ ഉച്ചകോടി അപലപിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളുടെ ജനസംഖ്യാ ഘടന മാറ്റാനുള്ള ശ്രമങ്ങളെ നിരാകരിക്കുന്ന യു.എന്‍ പ്രമേയങ്ങള്‍ ഇസ്രായില്‍ അനിവാര്യമായും പാലിക്കണം. ഫലസ്തീന്‍ ജനതയെ അവരുടെ മണ്ണ് വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുന്ന അതിക്രമ നയങ്ങള്‍ അപലപനീയമാണ്. ഫലസ്തീന്‍ ജനതയുടെ എല്ലാ അവകാശങ്ങളും നിറവേറ്റുന്ന നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുക എന്നതാണ് തന്ത്രപരമായ വഴി. ഗസയെ വീണ്ടെടുക്കുന്നതിനും പുനര്‍നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ട്രസ്റ്റ് ഫണ്ട് സ്ഥാപിക്കുമെന്നും അറബ് ഉച്ചകോടി വ്യക്തമാക്കി.

ഗസയിലെ താമസക്കാരെ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റിപ്പാര്‍പ്പിക്കാനും ഗാസയെ മധ്യേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് മറുപടിയായി ഒരു ബദല്‍ പദ്ധതി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഫലസ്തീന്റെ അഭ്യര്‍ഥന മാനിച്ചാണ് അടിയന്തിര ഫലസ്തീന്‍ ഉച്ചകോടി ചേർന്നത്.
അറബ് നേതാക്കള്‍ അംഗീകരിച്ച ഗസ പുനര്‍നിര്‍മാണ പദ്ധതി അംഗീകരിക്കാന്‍ വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ അടിയന്തിര മന്ത്രിതല യോഗത്തോട് ആവശ്യപ്പെടുമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദ്ര്‍ അബ്ദുല്‍ആത്തി പറഞ്ഞു. ഒ.ഐ.സി അംഗീകരിക്കുന്നതോടെ ഗസ പുനര്‍നിര്‍മാണ പദ്ധതി അറബ്, ഇസ്‌ലാമിക് പദ്ധതിയാകുമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു. ഉച്ചകോടി തീരുമാനങ്ങളെയും ഗസ പുനര്‍നിര്‍മാണ പദ്ധതിയെയും ഹമാസ് സ്വാഗതം ചെയ്തു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!