റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 9,169 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി നടത്തിയ സംയുക്ത സുരക്ഷാ പരിശോധനകളിലാണ് നിയമലംഘകരെ പിടികൂടിയത്.
നവംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്.
പിടിയിലായവരിൽ 4,797 പേർ താമസനിയമങ്ങൾ ലംഘിച്ചവരാണ്. 2,623 പേർ അതിർത്തി സുരക്ഷാ നിയമങ്ങളും 1,749 പേർ തൊഴിൽ നിയമങ്ങളും ലംഘിച്ചതിനാണ് പിടിയിലായത്.
ഇതിനുപുറമേ, അതിർത്തി വഴി നിയമവിരുദ്ധമായി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,373 പേരെയും രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 21 പേരെയും സുരക്ഷാ വിഭാഗങ്ങൾ പിടികൂടി.
നിയമലംഘകർക്ക് യാത്രാസൗകര്യം ഒരുക്കുക, താമസിക്കാൻ ഇടം നൽകുക, ജോലി നൽകുക, ഒളിവിൽ കഴിയാൻ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 23 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
13,935 പേരെ നാടുകടത്തി
രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 13,935 വിദേശികളെ നാടുകടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ 38,483 വിദേശികൾക്കെതിരെയാണ് വിവിധ നിയമനടപടികൾ പുരോഗമിക്കുന്നത്. ഇവരിൽ 36,378 പുരുഷന്മാരും 2,105 സ്ത്രീകളുമാണ്.
24,022 നിയമലംഘകരെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 8,840 പേരെ യാത്രാ ടിക്കറ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായും കൈമാറി.
നിയമലംഘകരെ സഹായിച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും
അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ സഹായിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരക്കാർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാം.
നിയമലംഘകരെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളും താമസസൗകര്യം ഒരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടാനും കുറ്റക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ ഗുരുതരമായ നിയമലംഘനങ്ങളായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള നമ്പറുകൾ:
– 911: മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ
– 999, 996: സൗദിയിലെ മറ്റ് പ്രദേശങ്ങൾ
നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും വിവരം നൽകുന്നതിന്റെ പേരിൽ നിയമപരമായ ബാധ്യത ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി രാജ്യവ്യാപക പരിശോധനകളും നിയമനടപടികളും തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
