റിയാദ്: സൗദി അറേബ്യയിൽ 2026ലെ മൂന്നാം പാദത്തിൽ കാർ വാടക കമ്പനികൾ 18 ലക്ഷത്തിലധികം ഏകീകൃത ഇലക്ട്രോണിക് വാടക കരാറുകൾ നൽകിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണിത്. രാജ്യത്തെ കാർ വാടക മേഖലയിൽ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർധിക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇലക്ട്രോണിക് വാടക കരാറുകളുടെ എണ്ണത്തിൽ റിയാദ് മേഖലയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ മൊത്തം കരാറുകളുടെ 30 ശതമാനവും റിയാദിലാണ് രജിസ്റ്റർ ചെയ്തത്.
24 ശതമാനവുമായി മക്ക മേഖല രണ്ടാം സ്ഥാനത്തും 14 ശതമാനവുമായി കിഴക്കൻ പ്രവിശ്യ മൂന്നാം സ്ഥാനത്തുമാണ്. അസീർ മേഖലയിൽ എട്ട് ശതമാനം കരാറുകളാണ് രേഖപ്പെടുത്തിയത്.
മദീനയിൽ ആറ് ശതമാനം, ഖസീമിൽ അഞ്ച് ശതമാനം, ജിസാനിൽ നാല് ശതമാനം, തബൂക്കിൽ മൂന്ന് ശതമാനം എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കണക്കുകൾ. ശേഷിക്കുന്ന ആറ് ശതമാനം കരാറുകൾ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലാണ് രജിസ്റ്റർ ചെയ്തത്.
കാർ വാടകയ്ക്ക് നൽകുന്ന കമ്പനികളുടെയും വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്ന ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഏകീകൃത ഇലക്ട്രോണിക് കരാർ സംവിധാനം നടപ്പാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
വാടക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സേവന നിലവാരം മെച്ചപ്പെടുത്തുക, ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക എന്നിവയാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കാർ വാടക മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ സംവിധാനങ്ങൾ സഹായിക്കുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി.
രാജ്യത്തെ കാർ വാടക മേഖലയുടെ വളർച്ചയും ദീർഘകാല വികസനവും ഉറപ്പാക്കുന്നതിനായി സേവന നിലവാരവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്ന പദ്ധതികൾ തുടരുമെന്നും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.
