വാഷിങ്ടൺ: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യുഎസ്–സൗദി ബിസിനസ് കൗൺസിലും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യുഎസ്–സൗദി ബിസിനസ് കൗൺസിൽ ചെയർമാനും സിഇഒയുമായ ചാൾസ് ഹല്ലാബും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് സെക്രട്ടറി ജനറൽ സുൽത്താൻ അൽ മുസല്ലമുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക, പുതിയ നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുക, വ്യാപാര സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വ്യാപാര പ്രതിനിധി സംഘങ്ങളുടെ സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുക, വ്യവസായ പ്രമുഖർ തമ്മിലുള്ള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുക, തന്ത്രപ്രധാന നിക്ഷേപ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക, വിപണികളെക്കുറിച്ചുള്ള വിവരങ്ങളും അനുഭവങ്ങളും കൈമാറുക തുടങ്ങിയ പ്രവർത്തനങ്ങൾ കരാറിന്റെ ഭാഗമായി നടപ്പാക്കും.
സൗദി, അമേരിക്കൻ വിപണികളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും വ്യാപാര, നിക്ഷേപ മേഖലകളിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കും.
ധാരണാപത്രം നടപ്പാക്കുന്നതിനായി ഇരുവിഭാഗങ്ങളിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന സംയുക്ത പ്രവർത്തക സമിതി രൂപീകരിക്കും. ഓരോ മൂന്ന് മാസത്തിലും മുതിർന്ന പ്രതിനിധികൾ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തുകയും മുൻഗണനാ മേഖലകളും സമയക്രമവും ഉത്തരവാദിത്തങ്ങളും തീരുമാനിക്കുകയും ചെയ്യും.
സൗദിയിലേക്ക് കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും അന്താരാഷ്ട്ര ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് നടപ്പാക്കുന്ന ‘ഇന്റർനാഷണൽ ബിസിനസ് കൺസിയർജ്’ പദ്ധതിയിലും സഹകരണം ശക്തിപ്പെടുത്തും.
വിവിധ വ്യവസായ മേഖലകളെ കേന്ദ്രീകരിച്ചുള്ള സംയുക്ത പദ്ധതികൾ, കമ്പനികൾ തമ്മിലുള്ള ബിസിനസ് കൂടിക്കാഴ്ചകൾ, സർക്കാർ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ, അമേരിക്കൻ വിപണിയിലേക്കുള്ള സൗദി ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കൽ എന്നിവയും കരാറിന്റെ ഭാഗമാണ്.
സൗദി സ്വകാര്യ മേഖലയുമായി ബന്ധം സ്ഥാപിക്കുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് പ്രധാന പങ്കാളിയാണെന്ന് ചാൾസ് ഹല്ലാബ് പറഞ്ഞു. പുതിയ കരാർ ഇരുരാജ്യങ്ങളിലെയും കമ്പനികളെ കൂടുതൽ അടുപ്പിക്കുന്നതിനും പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വ്യാപാരബന്ധങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1993ൽ സൗദി രാജകീയ ഉത്തരവിന്റെയും അമേരിക്കൻ എക്സിക്യൂട്ടീവ് ഉത്തരവിന്റെയും അടിസ്ഥാനത്തിൽ സ്ഥാപിതമായ യുഎസ്–സൗദി ബിസിനസ് കൗൺസിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും സാമ്പത്തിക സഹകരണവും പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഉഭയകക്ഷി സംഘടനയാണ്.
