റിയാദ്: 2026ലെ രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ സേവന ഇറക്കുമതി ഏകദേശം 120.8 ബില്യൺ റിയാലായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) അറിയിച്ചു. സേവന കയറ്റുമതി 59.5 ബില്യൺ റിയാലാണ്.
ആദ്യ പാദത്തിലെ 111.4 ബില്യൺ റിയാലിൽ നിന്ന് സേവന ഇറക്കുമതി 8.4 ശതമാനം വർധിച്ചു. യാത്രാ സേവനങ്ങളുടെ ഇറക്കുമതിയിൽ 17 ശതമാനം വർധനവുണ്ടായതാണ് പ്രധാന കാരണങ്ങളിലൊന്ന്.
ഗതാഗത സേവനങ്ങളാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത്; 34.1 ബില്യൺ റിയാൽ. യാത്രാ സേവന ഇറക്കുമതി 25 ബില്യൺ റിയാലിലെത്തി. ബിസിനസ് സേവനങ്ങൾ 18.8 ബില്യൺ റിയാലും നിർമാണ സേവനങ്ങൾ 14.5 ബില്യൺ റിയാലുമാണ്.
അതേസമയം, സേവന കയറ്റുമതി ആദ്യ പാദത്തിലെ 71.3 ബില്യൺ റിയാലിൽ നിന്ന് 16.5 ശതമാനം കുറഞ്ഞു. യാത്രാ സേവന കയറ്റുമതിയിലുണ്ടായ 23.6 ശതമാനം ഇടിവാണ് പ്രധാന കാരണം. യാത്രാ സേവനങ്ങളാണ് ഏറ്റവും വലിയ കയറ്റുമതി വിഭാഗം; 33.8 ബില്യൺ റിയാൽ.
