മക്ക: 2027ലെ ഹജ്ജ് സീസണിനായി വിദേശ തീർഥാടകർക്കുള്ള സമഗ്ര സേവന പാക്കേജ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. തീർഥാടകരുടെ വരവ് മുതൽ മടക്കം വരെയുള്ള പ്രധാന സേവനങ്ങൾ ഒരൊറ്റ ഇലക്ട്രോണിക് കരാറിലൂടെ ലഭ്യമാക്കുന്നതാണ് പദ്ധതി.
വിശുദ്ധ കേന്ദ്രങ്ങളിലെ സേവനങ്ങൾ, മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങൾ, ഗതാഗതം, ഭക്ഷണ വിതരണം എന്നിവയാണ് പാക്കേജിലെ നാല് പ്രധാന സേവനങ്ങൾ. ഇതിന് പുറമെ ആവശ്യാനുസരണം അധിക സേവനങ്ങളും ലഭ്യമാക്കും.
വിവിധ വിഭാഗം തീർഥാടകർക്കായി അനുയോജ്യമായ ഹജ്ജ് പദ്ധതികൾ രൂപീകരിക്കാൻ വിദേശ ഹജ്ജ് കാര്യ ഓഫീസുകൾക്കും ഏജൻസികൾക്കും പുതിയ സംവിധാനം സഹായകമാകും.
1448 ഹിജ്റ വർഷത്തെ ഹജ്ജിനായുള്ള ആദ്യഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് പാക്കേജ് പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി വിഷൻ 2030, തീർഥാടക അനുഭവ പരിപാടി എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് നടപടികൾ.
