ജനീവ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന നാവികരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സൗദി അറേബ്യ ചൂണ്ടിക്കാട്ടി. കടുത്ത മാനുഷിക സാഹചര്യങ്ങളും അടിസ്ഥാന അവകാശങ്ങൾ നേരിടുന്ന ഭീഷണികളും കണക്കിലെടുത്താണ് സൗദിയുടെ നിലപാട്.
ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 63-ാം സമ്മേളനത്തിൽ നടന്ന പൊതുചർച്ചയിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് വേണ്ടി ജനീവയിലെ യുഎന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽമുഹ്സിൻ ബിൻ ഖുതൈല സംയുക്ത പ്രസ്താവന അവതരിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ നാവികർ നേരിടുന്ന സുരക്ഷാ ഭീഷണിയിലും ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിലും അദ്ദേഹം ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. സിവിലിയൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും ആളപായമുണ്ടാകുകയും ചെയ്തതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഭക്ഷണം, കുടിവെള്ളം, ഇന്ധനം, മരുന്നുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നതിൽ നിരവധി നാവികർ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയം 56/18 നാവികർ പ്രത്യേക സംരക്ഷണം ആവശ്യമുള്ള തൊഴിലാളി വിഭാഗമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ ഓർമിപ്പിച്ചു. അവർ നേരിടുന്ന സാഹചര്യങ്ങൾക്ക് നാവികർ ഉത്തരവാദികളല്ലെന്നും അവരുടെ ജീവൻ, ആരോഗ്യം, സുരക്ഷ, അന്തസ്സ് എന്നിവ അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കപ്പെടണമെന്നും സൗദി വ്യക്തമാക്കി.
നാവികരുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന നടപടികളെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തു. പ്രത്യേകിച്ച് ചില ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ തുറമുഖ, സമുദ്ര അധികാരികൾ നടത്തുന്ന മാനുഷിക ഇടപെടലുകളെ പ്രശംസിച്ചു.
തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും, അവശ്യസാധനങ്ങളും വൈദ്യസഹായവും നൽകൽ, ഭരണനടപടികളിൽ ഇളവ്, ജീവനക്കാരെ മാറ്റുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും നടപടിയെടുക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിനും യുഎൻ കടൽനിയമ കൺവെൻഷനും (UNCLOS) അനുസൃതമായി സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്രഗതാഗതം ഉറപ്പാക്കുന്നതുമായി നാവികരുടെ സംരക്ഷണം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കി.
വാണിജ്യ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത നാവിഗേഷൻ ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായി ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് സൗദിയുടെ പ്രസ്താവന.
