റിയാദ്: സൗദി അറേബ്യയുടെ യുഎസ് ട്രഷറി ബോണ്ടുകളിലെ നിക്ഷേപം 2026 ജൂണിൽ 142.5 ബില്യൺ ഡോളറായി ഉയർന്നതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തെ 140.3 ബില്യൺ ഡോളറിനെ അപേക്ഷിച്ച് ഏകദേശം 2.2 ബില്യൺ ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
യുഎസ് ട്രഷറി ബോണ്ടുകളുടെ ഏറ്റവും വലിയ വിദേശ നിക്ഷേപകരുടെ പട്ടികയിൽ സൗദി അറേബ്യ 17-ാം സ്ഥാനം നിലനിർത്തി. ജൂണിലെ സൗദിയുടെ മൊത്തം നിക്ഷേപത്തിൽ 108.6 ബില്യൺ ഡോളർ ദീർഘകാല ബോണ്ടുകളിലും 34 ബില്യൺ ഡോളർ ഹ്രസ്വകാല ബോണ്ടുകളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
അതേസമയം, വിദേശ രാജ്യങ്ങളുടെ കൈവശമുള്ള യുഎസ് ട്രഷറി സെക്യൂരിറ്റികളുടെ മൊത്തം മൂല്യം ജൂണിൽ 9.299 ട്രില്യൺ ഡോളറായി കുറഞ്ഞു. മെയ് മാസത്തിൽ ഇത് 9.371 ട്രില്യൺ ഡോളറായിരുന്നു. എങ്കിലും ഒരു വർഷം മുമ്പത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ നിക്ഷേപകരുടെ കൈവശമുള്ള ട്രഷറികളുടെ മൂല്യം 2.3 ശതമാനം ഉയർന്നിട്ടുണ്ട്.
ജൂൺ അവസാനത്തോടെ യുഎസ് ട്രഷറി ബോണ്ടുകളുടെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായി ജപ്പാൻ തുടർന്നു. ജപ്പാന്റെ നിക്ഷേപം മെയ് മാസത്തെ 1.143 ട്രില്യൺ ഡോളറിൽ നിന്ന് 1.116 ട്രില്യൺ ഡോളറായി കുറഞ്ഞു. രണ്ടാം സ്ഥാനത്തുള്ള യുകെയുടെ നിക്ഷേപം 948.6 ബില്യൺ ഡോളറിൽ നിന്ന് 939.9 ബില്യൺ ഡോളറായി കുറഞ്ഞു.
ചൈനയുടെ യുഎസ് ട്രഷറി നിക്ഷേപവും നാല് ശതമാനം കുറഞ്ഞ് 659.3 ബില്യൺ ഡോളറിൽ നിന്ന് 633.4 ബില്യൺ ഡോളറായി. 2008 സെപ്റ്റംബറിന് ശേഷമുള്ള ചൈനയുടെ ഏറ്റവും താഴ്ന്ന നിക്ഷേപ നിലയാണിത്.
ഏപ്രിലിൽ സൗദിയുടെ യുഎസ് ട്രഷറി നിക്ഷേപം 140.1 ബില്യൺ ഡോളറായിരുന്നു. മെയ് മാസത്തിൽ 140.3 ബില്യൺ ഡോളറായിരുന്ന നിക്ഷേപമാണ് ജൂണിൽ 142.5 ബില്യൺ ഡോളറായി ഉയർന്നത്.
മിഡിൽ ഈസ്റ്റിൽ യുഎസ് ട്രഷറി ബോണ്ടുകളുടെ ഏറ്റവും വലിയ നിക്ഷേപകരിൽ സൗദി അറേബ്യ മുൻനിരയിൽ തുടരുകയാണ്. യുഎഇയുടെ നിക്ഷേപം ജൂണിൽ 118.6 ബില്യൺ ഡോളറായിരുന്നു.
