കുവൈത്ത് സിറ്റി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹിക ആഘാതങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി രാജ്യത്ത് പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെയും അവ വിതരണം ചെയ്യുന്ന സംവിധാനങ്ങളുടെയും വ്യാപാരവും പ്രചാരണവും നിയന്ത്രിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവദി 2026-ലെ (237) -ാം നമ്പർ തീരുമാനത്തിൽ ഒപ്പുവെച്ചു.
ഇലക്ട്രോണിക് സിഗരറ്റുകൾ, ചൂടാക്കി ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങളും ഉപകരണങ്ങളും, നിക്കോട്ടിൻ ലിക്വിഡുകൾ, കാട്രിഡ്ജുകൾ, നിക്കോട്ടിൻ പൗച്ചുകൾ, വായിൽ വെക്കുന്നതും പുകയില്ലാത്തതുമായ പുകയില ഉൽപ്പന്നങ്ങൾ, പുതുതായി വികസിപ്പിച്ച ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
പുതിയ ഉത്തരവ് പ്രകാരം നേഴ്സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവ്വകലാശാലകൾ, കോളേജുകൾ, മറ്റ് പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും പ്രദർശനവും വിതരണവും പൂർണ്ണമായും നിരോധിച്ചു.
കൂടാതെ, പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ-വൈദ്യശാസ്ത്ര കേന്ദ്രങ്ങൾ, ഗവൺമെന്റ് മന്ത്രാലയങ്ങൾ, അതോറിറ്റികൾ, സ്ഥാപനങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, യൂത്ത് സെന്ററുകൾ, തിയേറ്ററുകൾ, സിനിമാശാലകൾ, കുട്ടികൾക്കും യുവാക്കൾക്കുമായി മാറ്റിവെച്ചിട്ടുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിരോധനം ബാധകമാണ്.
പച്ചക്കറി/ഗ്രോസറി കടകൾ, മൊബൈൽ വാനുകൾ, താൽക്കാലിക കിയോസ്കുകൾ, എക്സിബിഷനുകൾ, വിനോദ പരിപാടികൾ, വെൻഡിംഗ് മെഷീനുകൾ എന്നിവ വഴിയുള്ള വിൽപ്പനയും മന്ത്രാലയം വിലക്കിയിട്ടുണ്ട്.
വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഡെലിവറി സർവീസുകൾ എന്നിവ വഴിയുള്ള വിൽപ്പന തടഞ്ഞതിനൊപ്പം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അതിർത്തിയിൽ നിന്ന് 200 മീറ്റർ ചുറ്റളവിലുള്ള ഒരു കടയിലും ഇവ വിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
കോഓപ്പറേറ്റീവ് സൊസൈറ്റികളിലും വലിയ സൂപ്പർമാർക്കറ്റുകളിലും (Parallel markets) കശന മേൽനോട്ടത്തിൽ ഇവയ്ക്കായി മാറ്റിവെച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാവൂ. ഉപഭോക്താക്കൾക്ക് നേരിട്ട് എടുക്കാവുന്ന രീതിയിൽ മേൽനോട്ടമില്ലാതെ ഇവ വെക്കാൻ പാടില്ല.
ഉറവിടം വ്യക്തമല്ലാത്തതോ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, നിർമ്മാണം, വിതരണം, വിൽപ്പന, സംഭരണം എന്നിവ നിരോധിച്ചു. കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തതോ പാക്ക് ചെയ്തതോ മാർക്കറ്റ് ചെയ്യുന്നതോ ആയ ഉൽപ്പന്നങ്ങൾക്കും, നിശ്ചിത അളവിൽ കൂടുതൽ നിക്കോട്ടിനോ മറ്റ് ചേരുവകളോ അടങ്ങിയ ഉൽപ്പന്നങ്ങൾക്കും വിലക്കുണ്ട്.
എല്ലാ ഉൽപ്പന്നങ്ങളും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും അംഗീകാരം നേടുകയും വേണം. ഉൽപ്പന്നത്തിലെ ചേരുവകൾ, നിക്കോട്ടിന്റെ അളവ്, നിർമ്മിത രാജ്യം, ബാച്ച് വിവരങ്ങൾ എന്നിവ നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കണം. പാക്കറ്റിന്റെ പ്രധാന ഭാഗത്തിന്റെ 50 ശതമാനമെങ്കിലും എഴുത്തുകളും ചിത്രങ്ങളും അടങ്ങിയ ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കണം.
21 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു. പരസ്യങ്ങൾ, പ്രൊമോഷനുകൾ, സ്പോൺസർഷിപ്പുകൾ, സൗജന്യ സാമ്പിളുകളുടെയും സമ്മാനങ്ങളുടെയും വിതരണം, ഡിസ്കൗണ്ടുകൾ നൽകൽ എന്നിവയും വിലക്കിയിട്ടുണ്ട്.
പുകവലി നിരോധിച്ചിട്ടുള്ള പൊതുസ്ഥലങ്ങളിലും അടച്ചപൂട്ടിയ മുറികളിലും ഇ-സിഗരറ്റുകളും ചൂടാക്കി ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് സാധാരണ പുകവലിക്ക് തുല്യമായി കണക്കാക്കി നടപടിയെടുക്കും.
ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ നടത്താനും, ലംഘനങ്ങൾ കണ്ടെത്താനും, നിയമനടപടികൾ സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം മേൽനോട്ടം വഹിക്കും. പുതിയ തീരുമാനം 2027 ജനുവരി 1 മുതൽ നിലവിൽ വരും.
