കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ഇറാനിയൻ സ്കൂളിന്റെ പ്രവർത്തനാനുമതി (ലൈസൻസ്) റദ്ദാക്കാനും സ്കൂൾ അടച്ചുപൂട്ടാനും വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബാഇ വ്യാഴാഴ്ച ഉത്തരവിട്ടു. പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും വിലയിരുത്തൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്കൂളിന്റെ പുതുക്കിയ ലൈസൻസ് റദ്ദാക്കുകയും പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 2026/2027 അധ്യയന വർഷം മുതൽ പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കാൻ സ്വകാര്യ വിദ്യാഭ്യാസ വിഭാഗത്തിന് നിർദ്ദേശം നൽകി. നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ, അവരെ അടുത്ത അധ്യയന വർഷത്തിന് മുൻപായി മറ്റ് സ്കൂളുകളിലേക്ക് മാറ്റാൻ രക്ഷിതാക്കളെ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
വിദ്യാർത്ഥികളുടെ സ്കൂൾ മാറ്റം സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.
