GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഷാര്‍ജ പോലീസിന്റെ എമര്‍ജന്‍സി ലൈനില്‍ ബന്ധപ്പെട്ട് തന്ത്രപൂര്‍വം പിസ്സ ഓര്‍ഡര്‍ ചെയ്തത് യുവതിയെ വേഗത്തില്‍ രക്ഷിക്കുന്നതിലേക്ക് നയിച്ചു

ഷാര്‍ജ – സ്വന്തം വീട്ടില്‍ ജീവന് ഭീഷണി നേരിട്ട പ്രവാസി യുവതി ഷാര്‍ജ പോലീസിന്റെ എമര്‍ജന്‍സി ലൈനില്‍ ബന്ധപ്പെട്ട് തന്ത്രപൂര്‍വം പിസ്സ ഓര്‍ഡര്‍ ചെയ്തത് അവരെ വേഗത്തില്‍ രക്ഷിക്കുന്നതിലേക്ക് നയിച്ചു. ഭര്‍ത്താവിന്റെ ഭീഷണി നേരിടുന്നതിനിടെ പരസ്യമായി സഹായം തേടാന്‍ കഴിയാത്ത യുവതി പിസ്സ ഓര്‍ഡര്‍ ചെയ്യുകയാണെന്ന വ്യാജേനെയാണ് പോലീസ് എമര്‍ജന്‍സി ലൈനില്‍ ബന്ധപ്പെട്ടത്. ഷാര്‍ജ പോലീസ് പ്രോഗ്രാം അമാന്‍ യാ ബിലാദിയില്‍ ഷാര്‍ജ പോലീസിലെ കമ്മ്യൂണിക്കേഷന്‍സ് ഓപ്പറേഷന്‍സ് ബ്രാഞ്ച് മേധാവി ക്യാപ്റ്റന്‍ മാജിദ് അല്‍ബാസ് ആണ് സംഭവം വെളിപ്പെടുത്തിയത്. എമര്‍ജന്‍സി ലൈനില്‍ ബന്ധപ്പെട്ട സ്ത്രീ പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു. പോലീസ് എമര്‍ജന്‍സി സെന്ററിലാണ് ബന്ധപ്പെടുന്നതെന്ന് അറിയിച്ചിട്ടും പിസ്സ ഓര്‍ഡര്‍ ചെയ്യാന്‍ സ്ത്രീ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
പന്തികേട് മനസ്സിലാക്കിയ ഡ്യൂട്ടി ഓഫീസര്‍, അസാധാരണമായ അഭ്യര്‍ഥന സഹായത്തിനായുള്ള അപേക്ഷയാണെന്ന് പെട്ടെന്ന് മനസ്സിലാക്കി.

തന്റെ പിസ്സ ഓര്‍ഡര്‍ ആവശ്യം ആവര്‍ത്തിച്ചതോടെ സ്ത്രീയുടെ സ്വരവും പ്രതികരണങ്ങളും അവള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുന്നില്ലെന്ന സൂചന ഉയര്‍ത്തി. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാണ് സംസാരിക്കുന്നതെന്ന് സമീപത്തുള്ള ആരെയും അറിയിക്കാതിരിക്കാന്‍ പ്രത്യേകം സൂക്ഷിച്ചുകൊണ്ട്, ഒരു സാധാരണ ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്നതുപോലെ പോലീസ് ഉദ്യോഗസ്ഥന്‍ സംഭാഷണം തുടര്‍ന്നു. സാഹചര്യം വിലയിരുത്താന്‍ സഹായിക്കുന്നതിന് കോഡ് ചെയ്ത ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉന്നയിച്ചു. എത്ര പിസ്സകള്‍ വേണമെന്ന് ചോദിച്ചപ്പോള്‍, സ്ത്രീ ഒന്ന് എന്ന് മറുപടി നല്‍കി. പാനീയങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, രണ്ട് എന്ന് മറുപടി നല്‍കി. ഈ സൂചനകള്‍ ആളുകളുടെ എണ്ണം അളക്കാന്‍ അധികാരികളെ സഹായിച്ചു.

വിളിച്ചയാളെ ലൈനില്‍ നിര്‍ത്തുന്നതിനിടയില്‍, പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സൂപ്പര്‍വൈസറെ വിവരമറിയിക്കുകയും അടിയന്തിര ട്രെയ്സിംഗ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഷാര്‍ജയില്‍ സ്ത്രീയുടെ സ്ഥാനം തിരിച്ചറിയാന്‍ ഓപ്പറേഷന്‍ സെന്ററിന് കഴിഞ്ഞു. ഉടന്‍ തന്നെ പ്രദേശത്ത് ഫീല്‍ഡ് യൂണിറ്റുകളെ വിന്യസിച്ചു. ഇടപെടല്‍ സമയത്ത് അസാധാരണ അവസ്ഥയിലായിരുന്ന ഭര്‍ത്താവ് സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതായി പോലീസ് സംഘങ്ങള്‍ പിന്നീട് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കി.

ഇരകള്‍ക്ക് തുറന്നു സംസാരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍, പരോക്ഷമായതോ കോഡ് ചെയ്തതോ ആയ ദുരിത സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ എമര്‍ജന്‍സി ജീവനക്കാരെ പരിശീലിപ്പിക്കേണ്ടതിന്റെ നിര്‍ണായക പ്രാധാന്യത്തിന് ഈ കേസ് അടിവരയിടുന്നതായി ക്യാപ്റ്റന്‍ മാജിദ് അല്‍ബാസ് പറഞ്ഞു. സഹായം തേടുന്ന വ്യക്തികള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പാറ്റേണുകളാണ് ഇത്തരം ഗോപ്യമായ അഭ്യര്‍ഥനകള്‍. അടിയന്തിര കോളുകള്‍ക്കിടയില്‍ സൂക്ഷ്മമായ പെരുമാറ്റ, ഭാഷാ സൂചകങ്ങള്‍ കണ്ടെത്താന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തിര സാഹചര്യങ്ങളില്‍ 999 ലൈന്‍ വഴിയും, അടിയന്തരമല്ലാത്ത സേവനങ്ങള്‍ക്ക് 901 വഴിയും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളിലൂടെയും ബന്ധപ്പെടാനുള്ള പ്രധാന കേന്ദ്രം ഷാര്‍ജ പോലീസ് ഓപ്പറേഷന്‍സ് സെന്റര്‍ ആണ്. നിര്‍ണായക പ്രതികരണങ്ങള്‍ വൈകുന്നത് ഒഴിവാക്കാന്‍ എമര്‍ജന്‍സി മാര്‍ഗങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. എമിറേറ്റിന്റെ അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത ഈ കേസ് പ്രതിഫലിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഡിസ്പാച്ച്, ഫീല്‍ഡ് യൂണിറ്റുകള്‍ തമ്മിലുള്ള ദ്രുത ഏകോപനവും ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!