GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പകർച്ചവ്യാധികളില്ലാതെ ഹജ് പൂർത്തിയായി; സൗദിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

മക്ക – പകർച്ചവ്യാധികളോ പൊതുജനാരോഗ്യ ഭീഷണികളോ ഒന്നും തന്നെ ഇല്ലാതെ ഹജ് സീസൺ വിജയകരമായി പൂർത്തിയായതിന് സൗദി അറേബ്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ആഗോള ആരോഗ്യ വെല്ലുവിളികളും ഉയർന്നുവരുന്ന അന്താരാഷ്ട്ര പകർച്ചവ്യാധി സംഭവവികാസങ്ങളും ഉണ്ടായിരുന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ട ഒത്തുചേരലുകളിലൊന്ന് കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ശ്രമങ്ങളെ സംഘടന അഭിനന്ദിച്ചു.

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പകർച്ചവ്യാധികളോ ആരോഗ്യ ഭീഷണികളോ ഹജ് സീസണിൽ ഇല്ലായിരുന്നു എന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അഭിനന്ദനം എത്തിയത്..

സുരക്ഷിതവും ആരോഗ്യകരവുമായ ഹജിന് സഹായിച്ച ആരോഗ്യ പ്രവർത്തകരെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിനന്ദിച്ചു.

ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി വലിയ ജനക്കൂട്ടത്തിൻ്റെ ആരോഗ്യ ആവശ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ അദ്ദേഹം എടുത്തുപ്പറഞ്ഞു.

ഹജ് സീസണിന്റെ വിജയത്തിന് ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്‌ടർ ഡോ. ഹനാൻ ബൽഖി സൗദി അറേബ്യയെ അഭിനന്ദിച്ചു. റോബോട്ടുകൾ, ഡ്രോണുകൾ തുടങ്ങിയ ആധുനിക ആരോഗ്യ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തൽ, വ്യത്യസ്ത സ്ഥലങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കൽ, തീർഥാടന യാത്രയിലുടനീളം ഹാജിമാരുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ അടക്കം തീർഥാടകർക്കായി നടപ്പാക്കിയ വിപുലമായ ആരോഗ്യ തയ്യാറെടുപ്പ് നടപടികൾ പ്രശംസനീയമായിരുന്നു. ഇത് സുരക്ഷിതമായും മനസ്സമാധാനത്തോടെയും ആചാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ തീർഥാടകരെ പ്രാപ്തരാക്കിയതായും ഡോ. ഹനാൻ ബൽഖി പറഞ്ഞു.

വിവിധ ദേശീയ വകുപ്പുകളുമായും അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുമായും ഏകോപിപ്പിച്ച് സമഗ്രമായ പ്രതിരോധം, ചികിത്സ, എമർജൻസി സർവീസുകൾ, തുടർച്ചയായ പകർച്ചവ്യാധി നിരീക്ഷണം എന്നിവയാണ് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുകൂടുന്നതിനാൽ ഹജ്ജ് വേളയിലെ ആരോഗ്യ സുരക്ഷ എന്നത് ആഗോള ആരോഗ്യ സുരക്ഷയുടെ ഭാഗമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ വ്യക്തമാക്കി.

തീർത്ഥാടകരുടെ വരവിന് മുൻപ് തന്നെ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമാക്കിയതും, ശാരീരിക ക്ഷമത ഉറപ്പാക്കിയതും, കൃത്യമായ ആസൂത്രണവും നിരീക്ഷണവും നടത്തിയതുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!