അബഹ: സൗദി അറേബ്യയിലെ
അസീർ പ്രവിശ്യയുടെ ഗതാഗത മുഖച്ഛായ മാറ്റുന്ന വൻകിട വികസന പദ്ധതികൾക്ക് തുടക്കമാകുന്നു. അബഹ, ജിസാൻ നഗരങ്ങളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന 130 കിലോമീറ്റർ നീളമുള്ള പുതിയ റോഡ് യാഥാർത്ഥ്യമാകുന്നതോടെ നിലവിലെ മൂന്ന് മണിക്കൂർ യാത്രാസമയം ഒന്നര മണിക്കൂറായി കുറയും. 1,900 കോടി റിയാൽ ചെലവ് കണക്കാക്കുന്ന പദ്ധതി ചൈനീസ് കമ്പനികളാണ് നടപ്പാക്കുന്നതെന്ന് അസീർ പ്രവിശ്യ വികസന അതോറിറ്റിയിലെ സാങ്കേതികകാര്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽഖാദിർ ഉസ്മാൻ അമീർ അറിയിച്ചു.
ഏകദേശം 26 പാലങ്ങളും തുരങ്കങ്ങളും ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ എഞ്ചിനീയറിംഗ് വിസ്മയമായിരിക്കും ഈ പാത. ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബി.ഒ.ടി) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 3,900 കോടി റിയാൽ വരുമെന്നാണ് കണക്കാക്കുന്നത്. ‘ലിവിംഗ് ഹെറിറ്റേജ്’, ‘ഗ്രേറ്റർ അബഹ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന വികസന പദ്ധതിയുടെ ഭാഗമായി അബഹ, ഖമീസ് മുശൈത്ത്, അൽമജാരിദ തുടങ്ങിയ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. കൂടാതെ, നിലവിലുള്ള റെയിൽവേ ശൃംഖലയുമായി ബീശയെ ബന്ധിപ്പിക്കാനും മൾട്ടിമോഡൽ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അസീർ പ്രവിശ്യയുടെ വിനോദസഞ്ചാര മേഖലയ്ക്കും പുതിയ പദ്ധതികൾ കരുത്തേകും. പൈതൃക ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അതുല്യമായ വാസ്തുവിദ്യയിൽ നിർമ്മിക്കുന്ന പുതിയ അസീർ വിമാനത്താവളം ഇതിൽ പ്രധാനമാണ്. നിലവിലെ വിമാനത്താവളത്തിന് വടക്ക് ഭാഗത്തായി നിർമ്മിക്കുന്ന ഇതിന്റെ ഡിസൈൻ ജോലികൾ 90 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. 2027-ൽ നിർമ്മാണം തുടങ്ങി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും.
2034-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിൽ ഒന്നായി അബഹയെ തിരഞ്ഞെടുത്തതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ നിക്ഷേപമാണ് വരുന്നത്.
ലോകകപ്പിനായി കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ ശേഷി 45,000 ആയി ഉയർത്തും.
അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകൾ അബഹയിൽ നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, അൽസൂദ കൊടുമുടികളിൽ 1,500 കോടി റിയാൽ ചെലവിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിർമ്മിക്കുന്ന ആഡംബര ഹോട്ടൽ പദ്ധതിയും അബഹയുടെ മധ്യഭാഗത്തെ ‘അൽവാദി’ പദ്ധതിയും പ്രവിശ്യയുടെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കും

















Leave a Reply