കുവൈത്ത് സിറ്റി – ഇന്ത്യയില്‍ നിലവിലുള്ള ട്രാഫിക് കേസിന്റെ കാരണം പറഞ്ഞ് പ്രവാസിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് കുവൈത്തിലെ ഇന്ത്യന്‍ എംബസി തടഞ്ഞു. ഇതേ തുടര്‍ന്ന് ഗുജറാത്ത് സ്വദേശി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഇരുപത്തിയഞ്ചു വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി മുഹ്സിന്‍ സുര്‍ത്തിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതാണ് എംബസി തടഞ്ഞത്.
ഇന്ത്യയില്‍ നിലവിലുള്ള തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് കാരണം കുവൈത്ത് ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് പുതുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് തന്റെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് മുഹ്സിന്‍ സുര്‍ത്തി.

കുവൈത്തില്‍ സാധുവായ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്ന 46 കാരന്‍ മഹിസാഗറിലെ തന്റെ ഭാര്യ വഴിയാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. എംബസി തീരുമാനം തന്റെ ജോലിയും കുവൈത്തിലെ താമസ നിലയും അപകടത്തിലാക്കി. പുതുക്കിയ പാസ്പോര്‍ട്ട് ഇല്ലെങ്കില്‍, തന്നെ നാടുകടത്തുമെന്നും സ്ഥിരമായി കരിമ്പട്ടികയില്‍ പെടുത്തുമെന്നും ഇത് ഭാവിയില്‍ കുവൈത്തിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നത് തടയുമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ മുഹ്‌സിന്‍ സുര്‍ത്തി പറഞ്ഞു.

2016 ല്‍ അനുവദിച്ച മുഹ്‌സിന്‍ സുര്‍ത്തിയുടെ പാസ്പോര്‍ട്ട് 2026 ജനുവരി 30 ന് കാലഹരണപ്പെടും. 2025 ഓഗസ്റ്റ് ഏഴിന് മുഹ്‌സിന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ പുതുക്കലിനായി അപേക്ഷിച്ചു. എന്നാല്‍ ഓഗസ്റ്റ് 25 ന്, ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ കേസ് ചൂണ്ടിക്കാട്ടി എംബസി അപേക്ഷ നിരസിച്ചതായി അറിയിച്ചു. താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭിക്കാന്‍ പോലും കേസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ടോ കോടതി ഉത്തരവോ ഹാജരാക്കണമെന്ന് എംബസി പറഞ്ഞു.
2024 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും ലുനാവാഡ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതായി സുര്‍ത്തി പിന്നീട് കണ്ടെത്തി. ഒരു അഭിഭാഷകന്‍ വഴി വിഷയം ഒത്തുതീര്‍പ്പാക്കിരുന്നെങ്കിലും കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് എംബസി പാസ്പോര്‍ട്ട് പുതുക്കാന്‍ വിസമ്മതിച്ചതെന്നും മുഹ്‌സിന്‍ സുര്‍ത്തി പറഞ്ഞു. എംബസിയുടെ ആശയവിനിമയത്തിന് ശേഷമാണ് കേസിനെ കുറിച്ച് താന്‍ അറിഞ്ഞതെന്നും, ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയോ നേരിട്ടോ കോടതി വിചാരണകളില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും മുഹ്‌സിന്‍ സുര്‍ത്തി ഹര്‍ജിയില്‍ പറഞ്ഞു.

