വാഷിംഗ്ടണ്‍ – യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയെ അമേരിക്കയുടെ പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷി (എം.എന്‍.എന്‍.എ) ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴവും ശക്തിയും പ്രതിഫലിപ്പിക്കുന്നു. പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷിയായി അംഗീകരിക്കപ്പെടുന്ന ഇരുപതാമത്തെ രാജ്യമാണ് സൗദി അറേബ്യ. അര്‍ജന്റീന, ഓസ്ട്രേലിയ, ബഹ്റൈന്‍, ബ്രസീല്‍, കൊളംബിയ, ഈജിപ്ത്, ഇസ്രായില്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കുവൈത്ത്, മൊറോക്കൊ, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഖത്തര്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, തുനീഷ്യ എന്നീ രാജ്യങ്ങളെയാണ് അമേരിക്ക നേരത്തെ പ്രധാന നോണ്‍-നാറ്റോ സഖ്യരാജ്യങ്ങളായി അംഗീകരിച്ചത്. 1987 ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആക്ടിന്റെ ആര്‍ട്ടിക്കിള്‍ 22 അടിസ്ഥാനമാക്കിയുള്ള, നാറ്റോ ഇതര രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സൈനിക, സുരക്ഷാ സഹകരണങ്ങളിലൊന്നാണ് ഈ പദവി. ഈ ആര്‍ട്ടിക്കിള്‍ തെരഞ്ഞെടുത്ത സഖ്യകക്ഷികള്‍ക്ക് പ്രത്യേക പദവി നല്‍കാന്‍ യു.എസ് കോണ്‍ഗ്രസിനെ അധികാരപ്പെടുത്തുന്നു. നൂതന യു.എസ് സൈനിക ഉപകരണങ്ങള്‍ ലഭിക്കാനുള്ള മുന്‍ഗണന, സംയുക്ത ഗവേഷണ വികസന പരിപാടികളിലെ പങ്കാളിത്തം, മുന്‍ഗണനാ വ്യവസ്ഥകളോടെ മിച്ച സൈനിക ഉപകരണങ്ങള്‍ വാങ്ങാനോ പാട്ടത്തിനെടുക്കാനോ ഉള്ള ശേഷി എന്നിവ അടക്കം ഈ പദവി നിയുക്ത രാജ്യങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. പരിശീലന പരിപാടികള്‍, രഹസ്യാന്വേഷണ സഹകരണം, സഖ്യകക്ഷി രാജ്യങ്ങളുടെ പ്രദേശത്ത് യു.എസ് അടിയന്തര ഉപകരണങ്ങളുടെ സംഭരണം എന്നിവയും ഈ പദവി മെച്ചപ്പെടുത്തുന്നു.

കഴിഞ്ഞ ദശകങ്ങളില്‍ അമേരിക്കയുമായുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി സൗദി അറേബ്യ ഈ ആനുകൂല്യങ്ങള്‍ ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ ആനുകൂല്യങ്ങള്‍ക്ക് നിയമപരമായ ഗ്യാരണ്ടികള്‍ നല്‍കിക്കൊണ്ട് പുതിയ പദവി സൗദി, അമേരിക്ക പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും യു.എസ് ഭരണകൂട മാറ്റങ്ങളുടെ ആഘാതം ലഘൂകരിക്കുകയും ചെയ്യുന്നു.
പരസ്പര പ്രതിരോധ കരാറുകളില്‍ നിന്ന് പ്രതിരോധ പ്രതിബദ്ധതകളുടെ കാര്യത്തില്‍ ഈ പദവി വ്യത്യാസപ്പെട്ടിരിക്കുന്നു. നോര്‍ത്ത് അറ്റ്‌ലാന്റിക് ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 5 പോലുള്ള പരസ്പര പ്രതിരോധത്തിനായുള്ള നിയമപരമായ പ്രതിബദ്ധത വ്യവസ്ഥ ചെയ്യുന്ന കരാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഇത് നേരിട്ടുള്ള യു.എസ് സൈനിക പ്രതിരോധ ബാധ്യത ഉള്‍ക്കൊള്ളുന്നില്ല. സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള പുരോഗമന ഘട്ടത്തെ ഈ പദവി പ്രതിനിധീകരിക്കുന്നതായി സൗദി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ പദവി മേഖലയില്‍ പങ്കിട്ട സുരക്ഷക്കും സ്ഥിരത പ്രോത്സാഹിപ്പിക്കാനുമുള്ള അമേരിക്കയുടെ ദീര്‍ഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി യു.എസ് വിദേശ മന്ത്രാലയം വിശദീകരിച്ചു.

