ന്യൂയോർക്ക്– പ്രമുഖ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയർ തകരാറായതിനെ തുടർന്ന് എക്സ്, ചാറ്റ്ജിപിടി, സൗദിയിലെ പ്രമുഖ ബില്ലിംഗ് സോഫ്റ്റ്‌വെയർ കമ്പനിയായ ZAIN TECHNOLOGY യുടെ വെബ്സൈറ്റ് എന്നിവയുൾപ്പെടെ നിരവധി ഉയർന്ന പ്രൊഫൈൽ വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി.

ഇന്ന് ഉച്ചയോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. സൈറ്റുകൾ പ്രവർത്തനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉപയോക്താക്കൾ രംഗത്തെത്തി. “11:20 (UTC) മുതൽ ക്ലൗഡ്ഫ്ലെയറിന്റെ സേവനങ്ങളിലൊന്നിലേക്ക് അസാധാരണമായ ട്രാഫിക്ക് വർദ്ധനവ്” കണ്ടതായി ക്ലൗഡ്ഫ്ലെയർ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇത് അവരുടെ നെറ്റ്‌വർക്കിലൂടെ കടന്നുപോകുന്ന ട്രാഫിക്കിനെ ബാധിക്കുകയും ചെയ്തു. “ട്രാഫിക്കിലെ അസാധാരണ വർദ്ധനവിന്റെ കാരണം അറിയില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ക്ലൗഡ്ഫ്ലെയറിൽ നിന്ന് ഉത്ഭവിച്ച ഒരു “പിശക്” കാരണം, അതിന്റെ ആന്തരിക സെർവറിൽ ഒരു പ്രശ്നമുണ്ടെന്ന് പറയുന്ന ഒരു സന്ദേശം എക്സ് ചില ഉപയോക്താക്കളും പങ്കുവെച്ചു.

Cloudflare എന്താണ്?
ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് സുരക്ഷാ ദാതാവാണ് Cloudflare. ലോകമെമ്പാടുമുള്ള എല്ലാ വെബ്‌സൈറ്റുകളിലും 20 ശതമാനം ഏതെങ്കിലും രൂപത്തിൽ Cloudflare ന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ഈ തടസ്സം എത്ര വെബ്‌സൈറ്റുകളെ ബാധിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
