റിയാദ് – ആറ് വ്യത്യസ്ത ഭാഗങ്ങളായി 1,600ലേറെ മൃഗങ്ങളെ ഉൾക്കൊള്ളുന്ന റിയാദ് മൃഗശാല പുതുമോടിയോടെ വീണ്ടും തുറക്കുന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. റിയാദ് സീസൺ 2025 പരിപാടികളുടെ ഭാഗമായി നവംബർ 20 മുതലാണ് മൃഗശാല തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗിനുള്ള ലിങ്കും ഏർപ്പെടുത്തിയിട്ടുണ്ട്.

നവീകരണ ജോലികൾക്കും അറ്റകുറ്റപ്പണികൾക്കും വേണ്ടി മൃഗശാല നേരത്തെ അടക്കുകയായിരുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളെ വളർത്താനും വന്യജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് ശാഖകളിലൊന്നാണ് റിയാദ് മൃഗശാല.

റിയാദിലെ മലസ് ജില്ലയിലാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. മലസ് മൃഗശാല എന്നും ഇതിനെ വിളിക്കുന്നു. റിയാദ് സീസൺ മൃഗശാല വികസിപ്പിക്കുകയും നിരവധി പരിഷ്‌കാരങ്ങൾ വരുത്തുകയും ചെയ്തു. സന്ദർശകർക്ക് വന്യജീവികളെ അടുത്തറിയാനും ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ ചില മൃഗങ്ങളെ കാണാനും ഇടപഴകാനും അവസരമൊരുക്കുന്ന മൃഗശാലയിൽ വ്യത്യസ്ത വിനോദ പരിപാടികളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. റിയാദ് സീസണിന്റെ ഭാഗമായി മൃഗശാലയിൽ ദിവസേന നാലു വിനോദ പ്രദർശനങ്ങളും നാടക പ്രദർശനവുമുണ്ടാകും. മൃഗശാലയിൽ വ്യത്യസ്തങ്ങളായ പതിനെട്ടു റെസ്റ്റോറന്റുകളും സ്റ്റോറുകളുമുണ്ട്.
