ജിദ്ദ– വിദേശികൾക്ക് ആദ്യമായി പൂർണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി സൗദിയിൽ 40 ലക്ഷം റിയാലിൽ (ഏകദേശം പത്തു ലക്ഷം അമേരിക്കൻ ഡോളർ) കുറയാത്ത വിലയുള്ള ഭവനയൂനിറ്റ് വാങ്ങുന്ന വിദേശികൾക്ക് സൗദി അറേബ്യ സ്ഥിര ഇഖാമ (ആജീവനാന്ത താമസാനുമതി) നൽകുമെന്ന് ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് കമ്പനി സി.ഇ.ഒ സിയാദ് അൽശആർ പറഞ്ഞു.

വിദേശ നിക്ഷേപം ആകർഷിക്കാനും എണ്ണയിൽ നിന്ന് അകന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 മായി പുതിയ നിയമങ്ങൾ ഒത്തുപോകുന്നു. 2026 ജനുവരി 28 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സിയാദ് അൽശആർ പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.

നിയമം പുറപ്പെടുവിക്കാനുള്ള ഉദ്ദേശ്യം സർക്കാർ പ്രഖ്യാപിച്ചതു മുതൽ ഞങ്ങൾ റിയൽ എസ്റ്റേറ്റ് യൂനിറ്റുകൾ വിദേശികൾക്ക് വിൽക്കാൻ തുടങ്ങി. മുപ്പതു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ ദാർ ഗ്ലോബൽ കമ്പനിയിൽ നിന്ന് റിയൽ എസ്റ്റേറ്റ് യൂനിറ്റുകൾ വാങ്ങുന്നുണ്ട്. ആദ്യം മുന്നിട്ടിറങ്ങുന്നവർക്ക് എല്ലായ്പ്പോഴും പ്രയോജനം ലഭിക്കുമെന്നും സിയാദ് അൽശആർ പറഞ്ഞു.
വിദേശികൾക്കുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം പ്രത്യേക ഭൂമിശാസ്ത്ര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് റിയാദ്, ജിദ്ദ നഗരങ്ങളിൽ പരിമിതപ്പെടുത്തുമെന്നും മക്കയിലും മദീനയിലും ഉടമസ്ഥാവകാശത്തിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടായിരിക്കുമെന്നും മുനിസിപ്പൽ, ഭവനകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ നേരത്തെ പ്രസ്താവിച്ചിരുന്നു. ദമാം, അൽകോബാർ എന്നിവിടങ്ങളിലെ പ്രത്യേക മേഖലകൾക്ക് പുറമേ, ദിരിയ, നിയോം പോലുള്ള മെഗാ പ്രോജക്ടുകളിലും വിദേശികൾക്ക് പൂർണവും സ്വതന്ത്രവുമായ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
