ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് 2026 ലും അനുവദിച്ചിരിക്കുന്നത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ, ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി (ഹജ്ജ്) റാം സിംഗ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഹജ്ജ് ഒരുക്കങ്ങൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു. ഇന്ത്യൻ തീർത്ഥാടകരുടെ തീർത്ഥാടന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുഗമവും സുഖകരവുമായ തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നതിനുമുള്ള സൗകര്യങ്ങൾ, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെയും ഉദ്യോഗസ്ഥരുമായും കേന്ദ്ര മന്ത്രി അവലോകന യോഗവും 2026 ഹജ്ജിന്റെ ഒരുക്കങ്ങളും വിലയിരുത്തി. തീർത്ഥാടകർക്ക് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ജിദ്ദയിലെയും തായിഫിലെയും ഹജ്ജ് ടെർമിനൽ 1, ഹറമൈൻ സ്റ്റേഷൻ എന്നിവയുൾപ്പെടെ ജിദ്ദയിലെയും തായിഫിലെയും പ്രധാന ഹജ്, ഉംറ അനുബന്ധ സ്ഥലങ്ങളിലും മന്ത്രി സന്ദർശനങ്ങളും നടത്തി. ജിദ്ദയിലെയും തായിഫിലെയും ഇന്ത്യൻ പ്രവാസികളിലെ ചില അംഗങ്ങളുമായും അദ്ദേഹം സംവദിച്ചു.
സഊദി സന്ദർശനത്തിന്റെ ഭാഗമായി ത്വാഇഫിലെ പ്രസിദ്ധമായ അബ്ദുല്ല ഇബ്നു അബ്ബാസ് പള്ളിയിൽ ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു സന്ദർശനം നടത്തി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
