ദുബൈ– യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസുകൾ തവണകളായി അടയ്ക്കാവുന്ന സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) തുടക്കം കുറിച്ചു.

ഈ പുതിയ സംവിധാനത്തിലൂടെ, വിസ, എമിറേറ്റ്‌സ് ഐഡി ഉൾപ്പെടെ ഐസിപിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങളുടെയും ഫീസുകൾ പലിശരഹിത തവണകളായി അടയ്ക്കാൻ സാധിക്കും. 10 പ്രാദേശിക ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 500 ദിർഹമിൽ കൂടുതൽ ഫീസുള്ള സേവനങ്ങൾക്കാണ് ഇത് സാധിക്കുക. . മൂന്ന് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിലേക്ക് തവണകൾ തെരഞ്ഞെടുക്കാം. ഈ സൗകര്യം ലഭിക്കുന്നതിനായി അതത് ബാങ്കിന്റെ കോൾ സെന്റർ വഴി അപേക്ഷ സമർപ്പിക്കണം.

ദുബൈയിൽ നടന്ന ജൈറ്റെക്സ് ഗ്ലോബൽ 2025-ലാണ് ഐസിപി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങൾക്കും പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഈ പ്രഖ്യാപനം വലിയ സാമ്പത്തിക ആശ്വാസം നൽകും. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും യുഎഇയിലെ താമസം നിയമപരമായി നിലനിർത്തുന്നതിനും വേണ്ടിയാണ് ‘ദി അതോറിറ്റി അറ്റ് യുവർ സർവീസ്’ എന്ന പ്രമേയത്തിൽ പദ്ധതിക്ക് രൂപം നൽകിയതെന്ന് ഐസിപി വിശദീകരിച്ചു. ജനക്ഷേമം വർധിപ്പിക്കുക, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഈ പുതിയ സംരംഭത്തിലൂടെ ഐസിപി ലക്ഷ്യമിടുന്നു.