ജിദ്ദ – സൗദിയില്‍ നികുതി ഭാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. വാഷിംഗ്ടണില്‍ ലോകബാങ്ക്, ഐ.എം.എഫ് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷന്‍ 2030 വഴി എണ്ണയില്‍ നിന്നല്ലാതെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ രാജ്യം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യയുടെ നിരവധി സാമ്പത്തിക സൂചകങ്ങള്‍ ധനമന്ത്രി അവലോകനം ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും ധനമന്ത്രി കൂട്ടിച്ചേർത്തു.

ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യയുടെ ആഭ്യന്തരകട അനുപാതം ഏറ്റവും താഴ്ന്നതാണ്. വികസ്വര രാജ്യങ്ങള്‍ കടം തീര്‍ക്കാന്‍ ഗുരുതരമായി കഷ്ടപ്പെടുന്നുണ്ട്. ചില രാജ്യങ്ങള്‍ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക കടം വീട്ടുന്നതിന് ചെലവഴിക്കാന്‍ നിര്‍ബന്ധിതമാകുന്നു. വര്‍ധിച്ചുവരുന്ന കടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ലോകത്തിന് ഇപ്പോഴും മതിയായ ശ്രമങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. പരമാധികാര കടത്തിന്റെ അപകടസാധ്യതകള്‍ കുറക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും സൗദി ധനമന്ത്രി പറഞ്ഞു.
