ജിദ്ദ – ഇറാഖുമായുള്ള സമനിലയിലൂടെ 2026 ലോകകപ്പിന് ഔദ്യോഗിക യോഗ്യത നേടിയ സൗദി ദേശീയ ടീം കളിക്കാര്‍ക്ക് വൻ തുക പാരിതോഷികം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനവും അര്‍ഹമായ വിജയം കരസ്തമാക്കിയതിനും കളിക്കാർക്ക് 50 ലക്ഷം റിയാല്‍ വീതം പാരിതോഷികം ലഭിക്കുമെന്ന് അല്‍ശര്‍ഖ് ചാനല്‍ റിപ്പോര്‍ട്ടര്‍ ആയിദ് അല്‍സഅദി വെളിപ്പെടുത്തി.
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ പ്ലേ-ഓഫിന്റെ ഗ്രൂപ്പ് ബി-യില്‍ ഇറാഖുമായി 0-0 എന്ന നിലയില്‍ സമനില പാലിച്ചാണ് സൗദി ദേശീയ ഫുട്ബോള്‍ ടീം 2026 ലോകകപ്പിന് ഔദ്യോഗികമായി യോഗ്യത നേടിയത്.

ആവേശകരമായ മത്സരം വീക്ഷിക്കാന്‍ 60,816 ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും ചരിത്രത്തില്‍ ഏഴാം തവണയുമാണ് സൗദി ടീം ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. സൗദി അറേബ്യക്കും ഇറാഖിനും നാല് പോയിന്റുകള്‍ വീതമാണുള്ളത്. മികച്ച ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സൗദി ടീം ഗ്രൂപ്പ് ബി-യില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആഗോള പ്ലേ-ഓഫില്‍ ഏഷ്യയെ പ്രതിനിധീകരിക്കുന്ന ടീം ഏതെന്ന് നിര്‍ണയിക്കാന്‍ ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാരായ യു.എ.ഇയെ നവംബര്‍ 13,18 തീയതികളില്‍ രണ്ട് പാദങ്ങളുള്ള മത്സരത്തില്‍ ഇറാഖ് നേരിടും. മുമ്പ് ഒരിക്കല്‍ മാത്രം (1986 ല്‍) ലോകകപ്പ് യോഗ്യത നേടിയ ഇറാഖിന് ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടാനുള്ള അവസാന അവസരമാണിത്. ഏഷ്യന്‍ പ്ലേ-ഓഫിലെ ഗ്രൂപ്പ് ബി മത്സരങ്ങളുടെ ആദ്യ റൗണ്ടില്‍ ബുധനാഴ്ച സൗദി ടീം ഇന്തോനേഷ്യയെ 3-2 ന് പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ച നടന്ന രണ്ടാം റൗണ്ടില്‍ ഇറാഖ് ഇന്തോനേഷ്യയെ 1-0 ന് പരാജയപ്പെടുത്തി.

കഴിഞ്ഞ ദിവസം യു.എ.ഇയെ 2-1 ന് പരാജയപ്പെടുത്തി ഖത്തര്‍ 2026 ലോകകപ്പിന് യോഗ്യത നേടി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തര്‍ വിജയിച്ചു. കഴിഞ്ഞ രണ്ട് ഏഷ്യന്‍ കപ്പുകളിലെയും ചാമ്പ്യന്മാരായ ഖത്തര്‍ ദേശീയ ടീം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി ലക്ഷ്യം പൂര്‍ത്തിയാക്കി. നേരത്തെ ഒമാനുമായുള്ള മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ ഖത്തര്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. 2022 ല്‍ നടന്ന അവസാന ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തര്‍ ടീം ലോകകപ്പിലെ അവരുടെ രണ്ടാമത്തെ പങ്കാളിത്തത്തിനായി തയാറെടുക്കുകയാണ്.
2022 ല്‍ ആതിഥേയ രാജ്യമെന്ന നിലയില്‍ ഖത്തറിന് ലോകകപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പും 32 ടീമുകള്‍ പങ്കെടുത്ത അവസാന ലോകകപ്പുമായിരുന്നു ഇത്. 2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആയി ഉയരും. യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ മൂന്ന് ഗ്രൂപ്പുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്ട്രേലിയ, ജോര്‍ദാന്‍, ഉസ്ബെക്കിസ്ഥാന്‍, ഇറാന്‍ എന്നിവ നേരത്തെ തന്നെ 2026 ലോകകപ്പില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.