റിയാദ്: ഉംറ വിസകൾക്കുള്ള ചട്ടങ്ങളിൽ സഊദി അറേബ്യ മാറ്റം വരുത്തി. സഊദിയിൽ ഇഖാമയുള്ളവർക്ക് അഞ്ചു പേരെ വരെ ഒരേ സമയം ഉംറക്കായി വിസയിൽ കൊണ്ടുവരാൻ അനുവദിക്കും എന്നതാണ് ശ്രദ്ധേയമായ മാറ്റം. അബ്ഷിർ ഓൺലൈൻ പ്ലാറ്റ്‌ഫോം മുഖാന്തിരം നടപടികൾ പൂർത്തിയാക്കാനും സാധിക്കും വിധമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

അംഗീകൃത ഉംറ ഏജൻസികൾ കമ്പനി മുഖാന്തിരമാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. നാട്ടിൽ നിന്നും ഉംറ വിസയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിനുള്ള വീസ റിക്വസ്റ്റ് സഊദിയിലെ ഇഖാമയുള്ള ആളുടെ അബ്ഷർ പ്ലാറ്റ്‌ഫോമിലേക്ക് ഉംറ കമ്പനി അവരുടെ നൂസൂക് വഴി അയയ്ക്കും. ഇഖാമയുള്ള ആൾ സ്വന്തം അബ്ഷറിൽ കയറി ഇത് അംഗീകരിക്കുന്നതോടെ വിസ അനുവദിക്കുമെന്നും ഉംറ വിസ സേവനങ്ങൾ നടത്തുന്നവർ വിശദമാക്കി. ഇവർക്ക് 90 ദിവസം വരെ സഊദിയിൽ തുടരാൻ അനുവദിക്കും.

എന്നാൽ ഇനി മുതൽ മക്കയിലും മദീനയിലും താമസത്തിനായി അംഗീകാരമുള്ള ഹോട്ടൽ ബുക്കിങ് മുൻകൂട്ടി ചെയ്ത് ഉറപ്പുവരുത്തിയവർക്ക് മാത്രമേ തനിച്ച് ഉംറ നിർവഹിക്കാൻ എത്താൻ അനുവദിക്കുകയുള്ളൂ. മുൻപ് വ്യക്തികൾക്ക് ഓൺലൈൻ വഴി വിസ എടുത്ത് തനിച്ച് ഉംറ നിർവഹിക്കാൻ സഊദിയിലേക്ക് വരുന്നതിന് അനുവദിച്ചിരുന്നു. എന്നാൽ ഗ്രൂപ്പുകൾ വഴി എത്തുന്നവർക്ക് ഈ വർഷം തുടക്കം മുതലുള്ള ചട്ടങ്ങളിൽ മാറ്റമില്ല.