ന്യൂയോർക്ക്– ആഗോള തലത്തിൽ അഭയാർഥികൾക്കായി സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സഹായം നൽകിയതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ വെളിപ്പെടുത്തി. ലോകം ഇന്ന് നേരിടുന്ന ഗുരുതരമായ കുടിയിറക്ക പ്രതിസന്ധി പരിഹരിക്കുന്നതിലും സമാധാനത്തിലും അന്തസ്സിലും ജീവിക്കാനുള്ള എല്ലാവരുടെയും അവകാശം ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറൽ അസംബ്ലിയോടനുബന്ധിച്ച് ‘സ്ഥിരമായ പരിഹാരങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും കുടിയിറക്കത്തെ നേരിടൽ’ എന്ന ശീർഷകത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ൽ ലോകത്ത് 12.3 കോടിയിലേറെ പേർ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. ലോക ജനസംഖ്യയിൽ 67 പേരിൽ ഒരാളെന്ന തോതിലാണ് കുടിയിറക്കുന്നത്്. സുഡാനിൽ മാത്രം 1.4 കോടിയിലേറെ പേർ കുടിയിറക്കപ്പെട്ടിട്ടുണ്ട്. യെമൻ, ഉക്രെയ്ൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ എന്നിവ അടക്കമുള്ള രാജ്യങ്ങളിലും കുടിയിറക്കപ്പെട്ടവർ ഗുരുതരമായ പ്രതിസന്ധി നേരിടുന്നു.

സിറിയയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് സിറിയക്കു മേലുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്നും ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ഏക മാർഗമായി ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തെ ശക്തമായി പിന്തുണക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയെ അവരുടെ ദേശങ്ങളിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളെയും രാജ്യം ശക്തമായി അപലപിച്ചു.
അഭയാർഥികളെ ലക്ഷ്യമിട്ട് 457 ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കാൻ സൗദി അറേബ്യ 120 കോടിയിലേറെ ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഈ പദ്ധതികളിൽ 362 എണ്ണം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ ആണ് നടപ്പാക്കിയത്. ഇതിന് 50.2 കോടി ഡോളർ ചെലവഴിച്ചു. കുടിയിറക്കപ്പെട്ടവർക്കും അഭയാർഥികൾക്കും ആതിഥേയ സമൂഹങ്ങൾക്കും അടിയന്തിരവും തുടർച്ചയായതുമായ പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ഇവരെ സഹായിക്കാനായി വിദ്യാഭ്യാസം, തൊഴിൽ പരിശീലനം അടക്കമുള്ള പദ്ധതികൾക്കും കിംഗ് സൽമാൻ റിലീഫ് സെന്റർ സഹായം നൽകുന്നുണ്ട്. മാനുഷിക സഹായ പദ്ധതികൾ പ്രാദേശിക തലത്തിൽ നടപ്പാക്കാനും സംഘർഷങ്ങൾ അവസാനിപ്പിക്കാനും ലോക രാജ്യങ്ങൾ സഹകരിക്കണമെന്നും ഡോ. അബ്ദുല്ല അൽറബീഹ ആവശ്യപ്പെട്ടു.