കുവൈത്ത് സിറ്റി – പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷീനിനില്‍ കിടത്തി കൊലപ്പെടുത്തിയതിന് ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. പൂര്‍ണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും യുവതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും സ്ഥിരീകരിച്ച് മാനസികരോഗ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്.

വിചാരണക്കിടെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. കുട്ടിയെ വെള്ളപ്പാത്രത്തില്‍ മുങ്ങിമരിച്ച നിലയിലാണ് താന്‍ കണ്ടതെന്ന് ഇവര്‍ വാദിച്ചു. തുടര്‍ന്ന് മാനസികാരോഗ്യം ഉറപ്പാക്കാന്‍ പ്രതിയെ മനഃശാസ്ത്ര പരിശോധനക്ക് വിധേയയാക്കാന്‍ കോടതി ഉത്തരവിട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രതിയുടെ മാനസികാരോഗ്യവും കുറ്റകൃത്യത്തിന്റെ ക്രിമിനല്‍ ഉത്തരവാദിത്തവും സ്ഥിരീകരിച്ചു.

വേലക്കാരി കുഞ്ഞിനെ വാഷിംഗ് മെഷീനിനുള്ളില്‍ കിടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ട കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ കുഞ്ഞിനെ ജാബിര്‍ അല്‍അഹ്മദ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.