ജിദ്ദ – സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിന് 348 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം തല്‍ക്ഷണം പിഴകള്‍ ചുമത്തി. പ്രത്യേക ഓഫറുകളും കിഴിവുകളും സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വാണിജ്യ മന്ത്രാലയം രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും 14,164 ഫീല്‍ഡ് പരിശോധനകള്‍ നടത്തി.

ഡിസ്‌കൗണ്ട് ലൈസന്‍സുകള്‍, ഉപഭോക്താക്കള്‍ക്ക് അവയുടെ ദൃശ്യപരത, അംഗീകൃത ഡിസ്‌കൗണ്ടുകളും ഓഫറുകളും പാലിക്കല്‍, ഡിസ്‌കൗണ്ട് നിരക്കുകള്‍, ഡിസ്‌കൗണ്ടിന് മുമ്പും ശേഷവുമുള്ള വിലകള്‍ വ്യക്തമാക്കുന്ന പ്രൈസ് ടാഗുകള്‍, ഇലക്‌ട്രോണിക് പ്രൈസ് റീഡറുകള്‍, എക്സ്ചേഞ്ച്, റിട്ടേണ്‍ നയം വ്യക്തമായി വെളിപ്പെടുത്തല്‍ എന്നിവ മന്ത്രാലയം പരിശോധിച്ചു.

ഡിസ്‌കൗണ്ടുകളുടെ തരവും ശതമാനവും, ഡിസ്‌കൗണ്ട് കാലാവധി, സ്ഥാപന വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ഓഫറുകളും കിഴിവുകളുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാണുന്നതിന് ലൈസന്‍സില്‍ ദൃശ്യമാകുന്ന ബാര്‍കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഡിസ്‌കൗണ്ടുകളുടെയും വാണിജ്യ ഓഫറുകളുടെയും നിയമസാധുത പരിശോധിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.