ജിദ്ദ– സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി കര്‍ശനമായി വിലക്കി. അതോറിറ്റി പുറപ്പെടുവിച്ച, വിധി ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പുതിയ എക്സിക്യൂട്ടീവ് നിയമാവലിയാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കര്‍ശനമായി വിലക്കിയിരിക്കുകയാണ്.

ഒരു മോട്ടോര്‍ സൈക്കിള്‍ ഡ്രൈവറെ ഒരേ സമയം ഒന്നിലധികം ഓര്‍ഡറുകള്‍ ഏല്‍പിക്കുന്നതും വിലക്കിയിട്ടുണ്ട്. സുരക്ഷാ വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഈ സുപ്രധാന മേഖലയെ വ്യവസ്ഥാപിതമാക്കാനും സേവനങ്ങള്‍ വികസിപ്പിക്കാനും സാമ്പത്തികവും സാമൂഹികവുമായ വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഡെലിവറി മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരവും നിര്‍ണായകവുമായ ചുവടുവെപ്പെന്നോണമാണ് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പുതിയ നിയമാവലി അംഗീകരിച്ചിരിക്കുന്നത്.

അതോറിറ്റിയില്‍ നിന്ന് ഔദ്യോഗിക ലൈസന്‍സ് നേടാതെ പ്രവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്ന വ്യക്തമായ നിയന്ത്രണ ചട്ടക്കൂട് പുതിയ നിയമാവലി ഏര്‍പ്പെടുത്തുന്നു. ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി നിര്‍ണയിച്ചിട്ടുണ്ട്. കാലഹരണ തീയതിക്ക് 180 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിച്ച് ലൈസന്‍സ് പുതുക്കാവുന്നതാണ്. പുതിയ നിക്ഷേപകര്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്, 60 ദിവസത്തെ കാലയളവിലേക്ക് നിയന്ത്രിത ലൈസന്‍സ് നല്‍കാന്‍ നിയമാവലി അനുവദിക്കുന്നു. ഇത് യഥാര്‍ഥ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു.
ഓര്‍ഡര്‍ ഡെലിവറി പ്രവര്‍ത്തനം ഉള്‍പ്പെടുന്ന സാധുവായ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കല്‍, ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനത്തിന്റെ ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യല്‍, സാധുവായ സോഷ്യല്‍ ഇന്‍ഷുറന്‍സ്-സകാത്ത്-ആദായ നികുതി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ കര്‍ശനമായ വ്യവസ്ഥകള്‍ ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ പാലിക്കണമെന്ന് നിയമാവലി ആവശ്യപ്പെടുന്നു. സംയോജനവും ഡാറ്റാ കൈമാറ്റവും ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ തങ്ങളുടെ സാങ്കേതിക സംവിധാനങ്ങളെ അതോറിറ്റിയുടെ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
ചരക്ക് ഗതാഗത പ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റി ലൈസന്‍സുള്ള സ്ഥാപനങ്ങള്‍, സ്വന്തം വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന സൗദികളായ വ്യക്തികള്‍ എന്നിങ്ങിനെ ഡെലിവറി പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ രണ്ട് പ്രധാന വിഭാഗങ്ങളായി നിയമാവലി പരിമിതപ്പെടുത്തുന്നു. ഡെലിവറി ചെയ്യുന്ന ഓര്‍ഡറുകളുടെ സുരക്ഷ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയും കൃത്രിമത്വം തടയുകയും വേണം. നിര്‍ദിഷ്ട താപനില ആവശ്യമുള്ള വസ്തുക്കള്‍ക്കായി പ്രത്യേക കണ്ടെയ്നറുകള്‍ ഏര്‍പ്പെടുത്താനും ഡെലിവറി സ്ഥാപനങ്ങള്‍ ബാധ്യസ്ഥമാണ്. ഡെലിവറി സ്ഥാപനങ്ങള്‍ക്കു കീഴിലെ ഡ്രൈവര്‍മാര്‍ക്ക് സാധുവായ ഡ്രൈവര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. വ്യക്തിഗതമായി ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്ന സൗദി ഡ്രൈവര്‍മാര്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസന്‍സും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പ്രതിയായിട്ടില്ല എന്നത് സ്ഥിരീകരിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ക്ക് സാധുവായ ഓപ്പറേറ്റിംഗ് കാര്‍ഡ് ഉണ്ടായിരിക്കണം. ഡെലിവറി മേഖലയില്‍ ഉപയോഗിക്കുന്ന വ്യക്തിഗത വാഹനങ്ങള്‍ ഡ്രൈവറുടെ ഉടമസ്ഥതയിലുള്ളതോ യഥാര്‍ഥത്തില്‍ ഡ്രൈവര്‍ ഉപയോഗിക്കുന്നതോ ആയിരിക്കണം. ഇതോടൊപ്പം സാധുവായ ഇന്‍ഷുറന്‍സ് പോളിസിയും മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ (ഫഹ്‌സുദ്ദൗരി) സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം.
ഇലക്‌ട്രോണിക് പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കല്‍, സേവന നിരക്കുമായും കണ്‍ഫേം ചെയ്യുന്നതിനു മുമ്പായി ഓര്‍ഡര്‍ റദ്ദാക്കാനുള്ള സംവിധാനവുമായും ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഗുണഭോക്താക്കളെ അറിയിക്കല്‍, ഡെലിവറി പ്രക്രിയയെയും ഡ്രൈവറെയും വിലയിരുത്താന്‍ അവസരമൊരുക്കല്‍ എന്നിവ അടക്കം ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സേവന വിശ്വാസ്യത വര്‍ധിപ്പിക്കാനും നിയമാവലി സേവന ദാതാക്കള്‍ക്ക് ഒരു കൂട്ടം പ്രവര്‍ത്തന ബാധ്യതകള്‍ ചുമത്തുന്നു. മൂന്ന് പ്രവൃത്തി ദിവസത്തില്‍ കവിയാത്ത കാലയളവിനുള്ളില്‍ പരാതികള്‍ പരിഹരിക്കുന്നതിന് 24 മണിക്കൂര്‍ സാങ്കേതിക പിന്തുണ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഡ്രൈവര്‍മാര്‍ ഉപഭോക്തൃ ഡാറ്റാ സ്വകാര്യത ലംഘിക്കരുതെന്നും അംഗീകൃത വസ്ത്രധാരണ രീതിയും പൊതു മര്യാദ വ്യവസ്ഥളും പാലിക്കണമെന്നും നിയമാവലി വ്യവസ്ഥ ചെയ്യുന്നു.
ഡെലിവറി കമ്പനികളില്‍ സൗദി ഡ്രൈവര്‍മാരെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുഖ പരിശോധന വഴി ഡ്രൈവറുടെ ഐഡന്റിറ്റി പരിശോധിക്കണമെന്നും നഫാദ് പ്ലാറ്റ്ഫോം വഴി വെരിഫിക്കേഷന്‍ നടത്തണമെന്നും നിയമാവലി ആവശ്യപ്പെടുന്നു. നിയമാവലി വകുപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമ ലംഘനത്തെ കുറിച്ച് അറിയിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയ ലംഘനങ്ങളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശവും നിയമാവലി ഉറപ്പുനല്‍കുന്നു