റിയാദ് – ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നും സൗദി പ്രതീക്ഷ പങ്കുവെച്ചു. സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ നേടിയെടുക്കാനും ഫലസ്തീന്‍ ജനതക്ക് സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയോടെയുള്ള ഭാവി ഉറപ്പുനൽകാൻ ഫലസ്തീന്‍ അതോറിറ്റിയെ പ്രാപ്തമാക്കാനും സഹായിക്കുന്ന കൂടുതല്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.

അതേസമയം, സൗദി-ഫ്രഞ്ച് സഹഅധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി യോഗങ്ങളുടെ ഭാഗമായി ഇന്ന് ദ്വിരാഷ്ട്ര പരിഹാര സമ്മേളനം നടക്കും. ഇതിന്റെ ഒരു ദിവസം മുമ്പ്, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും സ്വാഗതം ചെയ്തു.
ഈ രാജ്യങ്ങളുടെ ധീരമായ നിലപാടുകളെ അല്‍ബുദൈവി പ്രശംസിച്ചു.

ബ്രിട്ടനും കാനഡയും ഓസ്‌ട്രേലിയയുമാണ് ഇന്നലെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഏകദേശം ഒരേസമയം ആദ്യം പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം പോര്‍ച്ചുഗലും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു .നാലു രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതോടെ ഫലസ്തീന്‍ രാഷ്ട്രത്തെ ഇതിനകം അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 153 ആയി.