സൗദിയിൽ അനധികൃത മാംസ സംഭരണ കേന്ദ്രത്തിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച 400 കിലോയോളം വരുന്ന മാംസം തബൂക് മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.

തബൂക്കിലെ ഒരു വീട് അനധികൃതമായി മാംസം സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. ഈ മാംസം റെസ്റ്റോറന്റുകളിലേക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതാണെന്ന് അധികൃതർ കണ്ടെത്തി.

ലൈസൻസിംഗ് ആൻഡ് കംപ്ലയൻസ് ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
റെയ്ഡിനെ തുടർന്ന് നിയമലംഘകരായ മൂന്ന് തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പിടിച്ചെടുത്ത മാംസം നശിപ്പിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന പരിശോധനകൾ തുടരുമെന്ന് തബൂക്ക് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
പൊതുജനങ്ങൾ ഇത്തരത്തിലുള്ള എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ബലദി’ ആപ്ലിക്കേഷൻ വഴിയോ 940 എന്ന ഏകീകൃത കോൾ സെന്റർ വഴിയോ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.