ജിദ്ദ– 2025 രണ്ടാം പാദത്തിൽ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ആകെ 29,47,550 വിസകളാണ് അനുവദിച്ചത്. ജക്കാർത്ത, ധാക്ക, മുംബൈ എന്നിവിടങ്ങളിലെ എംബസികളും കോൺസുലേറ്റുകളുമാണ് ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത്. ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത് ജക്കാർത്ത സൗദി (2,74,612 വിസകൾ) എംബസിയാണ്. ധാക്ക എംബസി 2,59,404 വിസകളും മുബൈ കോൺസുലേറ്റ് 2,50,742 വിസകളും അനുവദിച്ചു. ഇസ്‌ലാമാബാദ് എംബസി 1,63,420 വിസകളും കറാച്ചി കോൺസുലേറ്റ് 1,32,193 വിസകളും കയ്‌റോ എംബസി 1,19,000 ലേറെ വിസകളും രണ്ടാം പാദത്തിൽ അനുവദിച്ചു.

ചില രാജ്യങ്ങളിലെ സൗദി നയതന്ത്ര മിഷനുകൾ വളരെ പരിമിതമായ എണ്ണം വിസകൾ മാത്രമാണ് അനുവദിച്ചത്. പോർട്ട് ഓഫ് സ്‌പെയിൻ കോൺസുലേറ്റ് രണ്ട് വിസകളും കിൻഷാസ കോൺസുലേറ്റ് മൂന്ന് വിസകളും ലിലോങ്വെ കോൺസുലേറ്റ് നാല് വിസകളും മാത്രമാണ് മൂന്നു മാസത്തിനിടെ അനുവദിച്ചത്. വിദേശങ്ങളിലെ എംബസികളും കോൺസുലേറ്റുകളും വഴി അനുവദിച്ച വിസകളുടെ മാത്രം കണക്കാണിത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യ ഇപ്പോൾ ഓൺഅറൈവൽ വിസയും ഇവിസയും അനുവദിക്കുന്നുണ്ട്. സൗദി വിമാന കമ്പനികളിൽ മൂന്നാമതൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് ആയി യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും ടിക്കറ്റിനൊപ്പം ലഭിക്കും. ട്രാൻസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്കും ഉംറ കർമം നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും മറ്റും സാധിക്കും.
