കുവൈത്ത് സിറ്റി – കുവൈത്തിലെ മന്‍ഗഫ് ഏരിയയില്‍ പ്രവാസികള്‍ നടത്തിയിരുന്ന മദ്യനിര്‍മാണ കേന്ദ്രം സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ഹവലി ഗവര്‍ണറേറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ് മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.

മന്‍ഗഫ് ഏരിയയിലെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മദ്യനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അധികൃതർ രഹസ്യ നിരീക്ഷണവും അന്വേഷണവും നടത്തി. മദ്യം നിര്‍മിക്കാനുള്ള ഉപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും സ്ഥലത്ത് നിന്നും കണ്ടെത്തി. തുടർന്ന് മൂന്നു പ്രവാസികളെ റെയ്ഡിനിടെ അറസ്റ്റ് ചെയ്തു. അടുത്തിടെ കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാര്‍ അടക്കം 21 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിരുന്നു.
