മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ ശുപാർശയും മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ച ഈ നിയമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് കർശന നടപടികൾ അവതരിപ്പിക്കുന്നു.

പുതിയ ഭേദഗതികളുടെ പ്രധാന വ്യവസ്ഥകൾ:
നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റ്: ‘ഇംപ്ലിമെന്റിങ് യൂനിറ്റ്’ ഇനി മുതൽ ‘നാഷനൽ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റ്’ എന്ന് അറിയപ്പെടും.
കുറ്റകൃത്യ വരുമാനത്തിന്റെ നിർവചനം: കുറ്റകൃത്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ ലഭിക്കുന്ന വരുമാനം, ലാഭം, പലിശ എന്നിവ ‘കുറ്റകൃത്യ വരുമാനം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും.
കർശന ശിക്ഷാ നടപടികൾ: കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം മറച്ചുവെക്കുന്നവർക്കോ കൈമാറ്റം ചെയ്യുന്നവർക്കോ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തും. കുറ്റവാളി മരിച്ചാലും, അനധികൃത സ്വത്ത് കണ്ടുകെട്ടാൻ കോടതിക്ക് അധികാരമുണ്ട്.
കമ്പനികൾക്ക് ഉത്തരവാദിത്തം: കമ്പനിയുടെ പേര് ഉപയോഗിച്ചോ പ്രതിനിധികൾ വഴിയോ കുറ്റകൃത്യം നടന്നാൽ, കമ്പനിക്ക് പിഴ ചുമത്തുകയും നിയമവിരുദ്ധ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും.
നാഷനൽ ആന്റി-മണി ലോണ്ടറിങ് കമ്മിറ്റി: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുക, മാർഗനിർദേശങ്ങൾ നൽകുക, ആഭ്യന്തര-അന്തർദേശീയ അധികാരികളുമായി സഹകരിക്കുക എന്നിവ ഈ കമ്മിറ്റിയുടെ ചുമതലകളാണ്.
ഫിനാൻഷ്യൽ യൂനിറ്റിന്റെ അധികാരങ്ങൾ: സംശയാസ്പദ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുക, അന്വേഷണം നടത്തുക, സാമ്പത്തിക രേഖകൾ പരിശോധിക്കുക, 72 മണിക്കൂർ വരെ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കുക തുടങ്ങിയവ ഈ യൂനിറ്റിന്റെ അധികാരപരിധിയിൽ വരും.

നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഇതിന്റെ നടപ്പാക്കൽ പ്രധാനമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും ഏൽപ്പിച്ചിട്ടുണ്ട്.