ദുബൈ – മയക്കുമരുന്ന് ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തുന്ന നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ. മയക്കുമരുന്ന് ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തുന്ന നിയമം ജഡ്ജിമാരുടെ വിവേചനധികാര പരിധിയില്‍ ഉള്‍പ്പെടുത്തിയതായി നിയമ വിദഗ്ധന്‍ വ്യക്തമാക്കി.

ലഹരി ഉപയോഗിച്ച് പിടിക്കപ്പെടുന്ന പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു മാത്രമേ ഇനി നാടുകടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു എന്ന് നിയമ ഉപദേഷ്ടാവ് അലാ നസര്‍ വ്യക്തമാക്കി. പ്രതി രാജ്യത്ത് സ്ഥിരതാമസമാക്കിയ ആളാണോ എന്നും സ്ഥിരമായ ജോലിയും നിയമാനുസൃത വരുമാനവും ഉണ്ടോ എന്നും കോടതി പരിശോധിക്കും. പ്രതിക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊതു സുരക്ഷക്ക് ഭീഷണിയാകില്ല എന്നും കണ്ടെത്തിയാൽ കോടതി നാടുകടത്തൽ ശിക്ഷ ഒഴിവാക്കും. പകരം പ്രാഥമിക ശിക്ഷ നൽകും.

നാടുകടത്തുന്നത് വഴി പ്രതിയുടെ വരുമാനമാർഗം തടസപ്പെടുകയും കുടുംബജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാനായാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.
എന്നാൽ പ്രതിയെ നാടുകടത്തുന്ന കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക അധികാരങ്ങൾ പുതിയ ഭേദഗതിയിൽ നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പ്രതിയെ നാടുകടത്താൻ പബ്ലിക് പ്രോസിക്യൂഷന് സാധിക്കും. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് അധികാരം ഉപയോഗികമെന്നും ഭേദഗതിയിൽ പറയുന്നു.
കുറ്റം തെളിയിക്കപ്പെട്ട ശേഷം രാജ്യത്ത് താമസിക്കുന്നത് ഉറപ്പാണെന്ന് പ്രതികള്‍ കരുതരുത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത് ഉപജീവനമാര്‍ഗ നഷ്ടമടക്കം നിരവധി പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രവാസികള്‍ മനസ്സിലാക്കണമെന്ന് അലാ നാസര്‍ പറഞ്ഞു.