ജിദ്ദ – പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി സൗദി അറേബ്യ. നാടുകടത്തലിന് അനുശാസിക്കുന്ന നിലക്ക് ഗതാഗത നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ക്ക് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകാരം നല്‍കി.

പുതിയ ഭേദഗതികള്‍ പ്രകാരം, പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ഗതാഗത നിയമ ലംഘനങ്ങളില്‍ കോടതി അന്തിമ വിധി പുറപ്പെടുവിച്ച ഏതൊരു പ്രവാസിയെയും രാജ്യത്ത് നിന്ന് നാടുകടത്തുകയും വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ശാശ്വതമായി വിലക്കുകയും ചെയ്യും.

ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവ ഏകോപിപ്പിച്ച് അംഗീകരിച്ച് നടപ്പാക്കുന്ന ചട്ടങ്ങള്‍, ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ ബാധകമാക്കുന്നു.
ഗുരുതരായ ഗതാഗത നിയമ ലംഘനം ഒരു വര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി പിഴ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമതും ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറും. ഇത്തരം കേസുകളില്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയോ ഇരട്ടി പിഴകയോ ലഭിക്കും. പൊതുസുരക്ഷയെ അപകടപ്പെടുത്തുന്നതായി കണക്കാക്കുന്ന നിയമ ലംഘനങ്ങളെ ഭേദഗതി ചെയ്ത നിയമം വ്യക്തമായി നിര്‍വചിക്കുകയും കോടതിയിലേക്ക് റഫര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
മദ്യപിച്ചോ, മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കല്‍, റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, എതിര്‍ദിശയില്‍ വാഹനമോടിക്കല്‍, മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയിലൂടെ വേഗത്തില്‍ വെട്ടിച്ച് കയറല്‍, മണിക്കൂറില്‍ ഇരുപത്തിയഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി കവിയല്‍, വളവുകള്‍, കുന്നുകള്‍ തുടങ്ങിയ ഓവര്‍ടേക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യല്‍ എന്നിവ പൊതുസുരക്ഷയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗതാഗത ലംഘനങ്ങളാണ്.