ജിദ്ദ – ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന 73 സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി വിവരം. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലുമാണ് കണ്ടെത്തൽ. അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ബിനാമി ബിസിനസുകളാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രവിശ്യകളിലെ 1,519 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം കഴിഞ്ഞ മാസം പരിശോധനകള്‍ നടത്തിയത്.

വാണിജ്യ സ്ഥാപനങ്ങള്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസ് കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ടാണ് സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. നട്സ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ഈത്തപ്പഴം എന്നിവ വില്‍ക്കുന്ന ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജെന്റ്‌സ് വസ്ത്രക്കടകള്‍, ചെരിപ്പ് കടകള്‍, മിനിമാര്‍ക്കറ്റുകള്‍ എന്നിവ അടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി.

സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധ ബിസിനസ് സ്ഥാപനങ്ങള്‍ വഴി സമ്പാദിക്കുന്ന സമ്പത്ത് കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടച്ചുപൂട്ടല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍, കുറ്റക്കാരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തല്‍ എന്നീ ശിക്ഷകളും ലഭിക്കും.