ജിദ്ദ: വെസ്റ്റ് ബാങ്ക്, ഗാസ, മേഖലയിലെ മറ്റു പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന ആശയത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനകളെ സൗദി അറേബ്യ ഉൾപ്പെടെ 31 അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഈ പ്രസ്താവനകൾ അറബ് ദേശീയ സുരക്ഷ, രാഷ്ട്രങ്ങളുടെ പരമാധികാരം, മേഖലാ, അന്തർദേശീയ സമാധാനം എന്നിവയ്ക്ക് ഭീഷണിയാണെന്ന് പ്രസ്താവന വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമങ്ങളെയും അന്തർദേശീയ ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളെയും നഗ്നമായി ലംഘിക്കുന്നതാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമസാധുത മാനിച്ച് സമാധാനം പ്രോത്സാഹിപ്പിക്കുന്ന എല്ലാ നടപടികളും അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ സ്വീകരിക്കുമെന്നും പ്രസ്താവന ഊന്നിപ്പറഞ്ഞു.

ജറൂസലേമിലെ ഇ-1 മേഖലയിൽ ജൂത കുടിയേറ്റ കോളനി നിർമാണത്തിന് ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് അനുമതി നൽകിയതിനെയും, ഫലസ്തീൻ രാഷ്ട്ര സ്ഥാപനത്തെ തള്ളിപ്പറയുന്ന അദ്ദേഹത്തിന്റെ തീവ്രവാദ-വംശീയ പ്രസ്താവനകളെയും സംയുക്ത പ്രസ്താവന ശക്തമായി വിമർശിച്ചു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന് പരമാധികാരമില്ലെന്നും, ജൂത കുടിയേറ്റ പദ്ധതികളും എല്ലാ നിയമവിരുദ്ധ ഇസ്രായേൽ നടപടികളും തീർത്തും നിരാകരിക്കുന്നതായും പ്രസ്താവന വ്യക്തമാക്കി. ഫലസ്തീൻ പ്രദേശങ്ങൾ കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഉദ്ദേശ്യങ്ങളും നയങ്ങളും അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ പ്രത്യയശാസ്ത്രപരവും വംശീയവുമായ ലക്ഷ്യങ്ങൾ സംഘർഷത്തിന് ഇന്ധനമാകുമെന്നും, പ്രാദേശിക, അന്തർദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

ഇസ്രായേലിന്റെ ആക്രമണങ്ങൾ, വംശഹത്യ, വംശീയ ഉന്മൂലനം എന്നിവയെ അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഗാസ മുനമ്പിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും, ആക്രമണങ്ങൾ അവസാനിപ്പിക്കാനും, ഗാസയിൽ നിന്ന് പിന്മാറി പുനർനിർമാണത്തിന് തയാറെടുക്കാനും ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് പ്രസ്താവന ആവശ്യപ്പെട്ടു. ഗാസയിലും, കിഴക്കൻ ജറൂസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിലും ഫലസ്തീൻ രാഷ്ട്രം ഭരണ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്നും, ഇതിന് അറബ്, അന്താരാഷ്ട്ര പിന്തുണ വേണമെന്നും പ്രസ്താവന വ്യക്തമാക്കി.
സംയുക്ത പ്രസ്താവനയിൽ സൗദി അറേബ്യ, അൾജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ഛാഡ്, കോമൊറോസ്, ജിബൂട്ടി, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലെബനോൻ, ലിബിയ, മാലിദ്വീപ്, മൗറിത്താനിയ, മൊറോക്കോ, നൈജീരിയ, ഒമാൻ, പാകിസ്ഥാൻ, ഫലസ്തീൻ, ഖത്തർ, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, സുഡാൻ, സിറിയ, തുർക്കി, യു.എ.ഇ, യെമൻ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ സെക്രട്ടറി ജനറൽമാരും ഒപ്പുവെച്ചു.