ജിദ്ദ : ഈ വർഷാദ്യം മുതൽ രാജ്യത്തെ ലേബർ കോടതികളിൽ 1,00,200 ഓളം തൊഴിൽ കേസുകൾ എത്തിയതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 426 തൊഴിൽ കേസുകൾ തോതിൽ ലേബർ കോടതികളിലെത്തി. റിയാദ് പ്രവിശ്യയിലെ ലേബർ കോടതികളിലും ബെഞ്ചുകളിലുമാണ് ഏറ്റവുമധികം തൊഴിൽ കേസുകൾ എത്തിയത്. റിയാദ് കോടതികളിൽ 30,530 കേസുകൾ എത്തി. ഈ വർഷം ലേബർ കോടതികളിലെത്തിയ തൊഴിൽ കേസുകളിൽ 30.5 ശതമാനവും റിയാദ് കോടതികളാണ് സ്വീകരിച്ചത്.
രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 26,677 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 13,111 ഉം നാലാം സ്ഥാനത്തുള്ള അസീർ പ്രവിശ്യയിൽ 5,723 ഉം മദീനയിൽ 5,335 ഉം അൽഖസീമിൽ 4,656 ഉം ഹായിലിൽ 4,656 ഉം തബൂക്കിൽ 2,768 ഉം ജിസാനിൽ 2,487 ഉം അൽജൗഫിൽ 1,918 ഉം നജ്‌റാനിൽ 1,072 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 956 ഉം അൽബാഹയിൽ 768 ഉം തൊഴിൽ കേസുകൾ ലേബർ കോടതികൾക്കും ബെഞ്ചുകൾക്കും മുന്നിലെത്തി.
സൗദിയിലെ പ്രധാന പ്രവിശ്യകളിലും നഗരങ്ങളിലുമാണ് തൊഴിൽ കേസുകൾക്ക് പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നത്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും ജനറൽ കോടതികളിൽ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളാണ് തൊഴിൽ കേസുകൾ വിചാരണ ചെയ്യുന്നത്. രാജ്യത്ത് നിലവിലുള്ള സംവിധാനം അനുസരിച്ച് തൊഴിൽ പരാതികൾ ആദ്യം അതത് പ്രവിശ്യകളിലെ ലേബർ ഓഫീസുകളോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗങ്ങൾക്കാണ് നൽകേണ്ടത്. തൊഴിലാളികളുമായും തൊഴിലുടമകളുമായും അനുരഞ്ജന ചർച്ചകൾ നടത്തി തൊഴിൽ കേസുകൾക്ക് രമ്യമായ പരിഹാരം കാണാൻ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗങ്ങൾ ശ്രമിക്കും.
തൊഴിൽ കേസുകളിൽ അനുരഞ്ജന പരിഹാരം കാണാൻ 21 ദിവസത്തെ സമയമാണ് അനുവദിക്കുന്നത്. ഇതിനകം രമ്യമായി പരിഹരിക്കാൻ കഴിയാത്ത കേസുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലേബർ കോടതികൾക്ക് ഓൺലൈൻ ആയി കൈമാറുകയാണ് ചെയ്യുക. കോടതികളുടെ ഭാരം കുറക്കാൻ ശ്രമിച്ചാണ് ഇത്തരമൊരു സംവിധാനം ബാധകമാക്കിയിരിക്കുന്നത്. ജുഡീഷ്യൽ പരിഷ്‌കാരങ്ങളുടെ ഭാഗമായി സൗദിയിൽ സമീപ കാലത്താണ് തൊഴിൽ കേസുകൾ വേഗത്തിൽ തീർപ്പ് കൽപിക്കാൻ ശ്രമിച്ച് ലേബർ കോടതികളും ബെഞ്ചുകളും സ്ഥാപിച്ചത്. ഇതിനു മുമ്പ് ലേബർ ഓഫീസുകളിലെ തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. വിചാരണക്ക് ചില തൊഴിലുടമകളും അവരുടെ നിയമാനുസൃത പ്രതിനിധികളും കരുതിക്കൂട്ടി ഹാജരാകാതിരിക്കുന്നത് കേസുകൾ പലതവണ നീട്ടിവെക്കാനും വിചാരണ അനന്തമായി നീണ്ടുപോകാനും ഇടയാക്കിയിരുന്നു. ഇത് തൊഴിലാളികൾക്ക് വലിയ ദുരിതങ്ങളാണ് സമ്മാനിച്ചിരുന്നത്. ലേബർ കോടതികൾ നിലവിൽ വന്നതോടെ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം അറുതിയായി.