NEWS - ഗൾഫ് വാർത്തകൾ വേലക്കാരുടെ കഫാലമാറ്റം നാലു തവണ മാത്രം. പ്രവാസികൾ ശ്രദ്ധിക്കുക BY GULF MALAYALAM NEWS January 4, 2023 0 Comments 1.34K Views റിയാദ് – ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് പരമാവധി നാലു തവണ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വേലക്കാരുടെ സ്‌പോൺസർഷിപ്പ്മാറ്റ നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഇതിന് നിലവിലുള്ള സ്‌പോൺസർ ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറാനുള്ള സന്നദ്ധത അബ്ശിർ വഴി അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ഏഴു ദിവസത്തിനകം ഗാർഹിക തൊഴിലാളിയും പുതിയ സ്‌പോൺസറും സ്‌പോൺസർഷിപ്പ് മാറ്റത്തിന് അബ്ശിർ വഴി സമ്മതം അറിയിക്കണം. സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഗാർഹിക തൊഴിലാളിയുടെയും പുതിയ സ്‌പോൺസറുടെയും പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒടുക്കാതെ ബാക്കിയുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഗാർഹിക തൊഴിലാളി ഹുറൂബാക്കപ്പെട്ടനാകാനും പാടില്ല. സ്‌പോൺസർഷിപ്പ് മാറ്റുമ്പോൾ ഗാർഹിക തൊഴിലാളിയുടെ ഇഖാമയിൽ പതിനഞ്ചും അതിൽ കൂടുതലും ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള ഫീസ് പുതിയ സ്‌പോൺസർ അടയ്ക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.