ദോഹ : ഏറ്റവും ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി 2011 ല്‍ ആരംഭിച്ച ഖത്തറിന്റെ ആദ്യ ദേശീയ ആരോഗ്യ തന്ത്രത്തില്‍ വിവരിച്ച പ്രതികരണ സമയ ലക്ഷ്യങ്ങളെ തങ്ങളുടെ ആംബുലന്‍സ് സേവനം തുടര്‍ച്ചയായി കഴിഞ്ഞ 11 വര്‍ഷങ്ങളിലും മറികടന്നതായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്എംസി) അറിയിച്ചു.
999 എന്ന നമ്പറില്‍ വരുന്ന 75 ശതമാനം കോളുകളിലെങ്കിലും നഗരപ്രദേശങ്ങളില്‍ 10 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശങ്ങളില്‍ 15 മിനിറ്റിനുള്ളിലും സംഭവസ്ഥലത്ത് എത്തുക എന്നതാണ് ദേശീയ ആരോഗ്യ തന്ത്രം ലക്ഷ്യമിടുന്നത്. 2023ല്‍ ഇതുവരെ ഏറ്റവും അടിയന്തിര വിഭാഗമായ കോളുകളില്‍ , ഈ ലക്ഷ്യങ്ങളിലെത്തുന്നതില് ആംബുലന്‍സ് സേവനത്തിന്റെ അര്‍പ്പണബോധം അമ്പരപ്പിക്കുന്നതാണ്. നഗരപ്രദേശങ്ങളില്‍ ശരാശരി 93 ശതമാനം കോളുകളും ഗ്രാമപ്രദേശങ്ങളില്‍ 95 ശതമാനവും ബെഞ്ച്മാര്‍ക്ക് സമയങ്ങളിലും മുമ്പെയെത്തുന്നുവെന്നതാണ് അനുഭവം.
ഒരു ദശാബ്ദത്തിലേറെയായി ദേശീയ ആരോഗ്യ തന്ത്രത്തിന്റെ പ്രതികരണ സമയ ലക്ഷ്യങ്ങള്‍ സ്ഥിരമായി പാലിക്കുന്നതിനും മറികടക്കുന്നതിനും ആംബുലന്‍സ് വകുപ്പിനെ ആംബുലന്‍സ് സേവനത്തിന്റെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദര്‍വിഷ് അഭിനന്ദിച്ചു.
ഓരോ വര്‍ഷവും ആംബുലന്‍സ് സേവനത്തിലേക്ക് 200,000ലധികം എമര്‍ജന്‍സി കോളുകളും 50,000 നോണ്എമര്ജന്സി കോളുകളും വരുന്നുണ്ടെന്ന് എച്ച്എംസി ആംബുലന്‍സ് സേവനത്തിന്റെ ഹെല്‍ത്ത് കെയര്‍ കോര്‍ഡിനേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍യാഫെയ് പറഞ്ഞു. ഗുരുതരമായ കേസുകളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കുന്നത് തുടരാന്‍ ഞങ്ങളുടെ ടീമുകളെ പ്രാപ്തമാക്കുന്നതിന് അടിയന്തരമല്ലാത്ത കോളുകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എച്ച്എംസിയുടെ ആംബുലന്‍സ് സര്‍വീസ് അതിന്റെ ലൈഫ്ഫ്ലൈറ്റ് സര്‍വീസ് വിപുലീകരിച്ചിട്ടുണ്ട്. ക്യാമ്പിംഗ് സീസണ് ആരംഭിക്കുന്നതിനായി അടുത്തിടെ അത്യാധുനിക ഡെസേര്‍ട്ട് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക ആംബുലന്‍സുകള്‍ സ്വന്തമാക്കുകയും ഖത്തറിലുടനീളം അവിശ്വസനീയമായ 75 ഡിസ്പാച്ച് പോയിന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. തന്ത്രപ്രധാനമായ ഈ സംരംഭങ്ങള്‍ രോഗികളുടെ സ്ഥാനം പരിഗണിക്കാതെ തന്നെ അവരിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സഹായകമാണ്.