റിയാദ് : സൗദി അറേബ്യയിൽ ഒരു വർഷം പാഴാക്കുന്നത് 40 ബില്യൻ റിയാലിന്റെ ഭക്ഷണമാണെന്ന് ഭക്ഷ്യ സുരക്ഷ അതോറിറ്റി വക്താവ് ഖാലിദ് അൽമശ്ആൻ. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. വീടുകൾ, ബേക്കറികൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ഹോൾസെയിൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് പാചകത്തിനും വിതരണത്തിനും ശേഷമാണ് ഭക്ഷണം കൂടുതലായി പാഴാക്കപ്പെടുന്നത്. 40 ബില്യൻ റിയാലിന്റെ ഭക്ഷണസാധനങ്ങൾ ഇത്തരത്തിൽ പാഴാക്കുന്നു എന്നാണ് വിലയിരുത്തൽ.
റൊട്ടി 25 %, അരി 31 %, ഈത്തപ്പഴം 5.5%, ഉരുളക്കിഴങ്ങ് 14% എന്നിങ്ങനെയാണ് പാഴാക്കുന്നതിന്റെ തോത്.ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതും സൽക്കാരങ്ങളിൽ കൂടുതൽ ഭക്ഷണം വിളമ്പുന്നതും വിശക്കുമ്പോൾ കൂടുതൽ ഓർഡർ ചെയ്യുന്നതുമാണ് ഭക്ഷണം പാഴക്കുന്നതിലേക്ക് നയിക്കുന്നത്. പരിസ്ഥിതി മലിനീകരണം, ധനനഷ്ടം, രോഗവ്യാപനം, ഭക്ഷ്യവസ്തുക്കളുടെ ശോഷണം എന്നിവക്കിത് കാരണമാകും. ആവശ്യമുള്ളത്ര ഭക്ഷണം ഓർഡർ ചെയ്യുക, ന്യായമായ അളവിൽ ഭക്ഷണം വാങ്ങുക, ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അളവ് കണക്കാക്കുക എന്നിവ പാലിച്ചാൽ പാഴാക്കൽ ഒഴിവാക്കാനാകും.
സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖലയുമായും സഹകരിച്ച് ഉപഭോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നഷ്ടവും മാലിന്യവും കുറയ്ക്കുന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് കാമ്പയ്നുകൾ സംഘടിപ്പിക്കുകയും മൊബൈലുകളിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്തുവരുന്നുണ്ടെന്ന് ഖാലിദ് അൽമശ്ആൻ പറഞ്ഞു.