ജിദ്ദ : മക്ക, അസീർ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഖുർമ, റനിയ, ബീശ റോഡ് ഇരട്ടപ്പാതയാക്കി മാറ്റുന്ന പദ്ധതിയുടെ 97 ശതമാനം ജോലികൾ പൂർത്തിയായതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. ആകെ 360 കിലോമീറ്റർ നീളത്തിൽ ഇരു ഭാഗത്തേക്കും രണ്ടു ട്രാക്കുകൾ വീതമുള്ള രണ്ടു റോഡുകൾ അടങ്ങിയ വികസന പദ്ധതിയിലൂടെ സുരക്ഷാ നിലവാരം ഉയർത്താനും റോഡുകളുടെ പശ്ചാത്തല സൗകര്യ ഗുണനിലവാരം മെച്ചപ്പെടുത്താനും വാഹനാപകടങ്ങൾ കുറക്കാനും ലക്ഷ്യമിടുന്നു.
ആകെ ഒമ്പതു ഘട്ടങ്ങളുള്ള പദ്ധതിയുടെ ആറു ഘട്ടങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളുടെ ജോലികൾ 100 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഒന്നു മുതൽ അഞ്ചു വരെയുള്ള ഘട്ടങ്ങൾക്ക് ആകെ 237 കിലോമീറ്റർ നീളമാണുള്ളത്. 28 കിലോമീറ്റർ നീളമുള്ള ആറാം ഘട്ടത്തിന്റെ 92 ശതമാനം നിർമാണ ജോലികൾ പൂർത്തിയായിട്ടുണ്ട്. 18 കിലോമീറ്റർ നീളമുള്ള ഏഴാം ഘട്ടത്തിന്റെ 70 ശതമാനവും 37 കിലോമീറ്റർ നീളമുള്ള എട്ടാം ഘട്ടത്തിന്റെ 100 ശതമാനവും 40 കിലോമീറ്റർ നീളമുള്ള ഒമ്പതാം ഘട്ടത്തിന്റെ 93 ശതമാനവും ജോലികളും പൂർത്തിയായിട്ടുണ്ടെന്ന് റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു.